in , ,

5 മണിക്കൂര്‍ ആശുപത്രി കാര്‍പാര്‍ക്കിംഗില്‍, ചികിത്സ കിട്ടാതെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി അംറോഹിയുടെ മരണം; വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ ദോഹ

  • ഭാര്യ കരഞ്ഞു പറഞ്ഞിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം
  • അംബാസിഡറുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാരുടേത് എങ്ങിനെയാവുമെന്ന് ചോദ്യം!
  • ദോഹയില്‍ നിന്ന് 2003-ല്‍ സ്ഥലം മാറുമ്പോള്‍ ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്‌സ്
അശോക് അംറോഹി

ദോഹ: ദല്‍ഹിക്കടുത്ത ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ചികിത്സ കിട്ടാതെ മരിച്ച ഇന്ത്യയുടെ മുന്‍ സ്ഥാനപതി അശോക് അംറോഹിയുടെ വിയോഗത്തില്‍ ഞെട്ടലോടെ ദോഹയിലെ സാമൂഹിക പ്രവര്‍ത്തകര്‍. ബ്രൂണെ, മൊസാംബിക്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡറായും ഖത്തറില്‍ ചാര്‍ജ്ജ് ഡി അഫയേഴ്‌സ് ആയും ജോലി നോക്കിയിട്ടുണ്ട്. 2001-ല്‍ ദോഹയിലെത്തിയ അദ്ദേഹം 2003 ആദ്യത്തിലാണ് ഖത്തറില്‍ നിന്ന് സ്ഥലം മാറിപ്പോയത്. ഖത്തറില്‍ വിപുലമായ സൗഹൃദ വലയമുള്ള അദ്ദേഹത്തിന് ഇത്തരമൊരു അന്ത്യം വല്ലാത്ത വേദനയായെന്ന് വിവിധ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. ”ഏത് സാമൂഹിക ആവശ്യത്തിന് ചെന്നാലും പെട്ടെന്ന് പരിഗണിച്ചിരുന്നു അദ്ദേഹം. നല്ല സൗഹൃദ ബന്ധമുണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍ അംബാസിഡറായി പ്രവര്‍ത്തിച്ച ഒരാള്‍ തലസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിക്കുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?” പേരു പറയാനാഗ്രഹിക്കാത്ത ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ചോദിച്ചു.
ഏപ്രില്‍ 27-ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കൊവിഡ് ബാധിതനായിരുന്ന അശോക് അമ്രോഹി ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കിടക്ക ലഭിക്കുന്നതിനായി അഞ്ചു മണിക്കൂറോളമാണ് കാത്തിരുന്നത്. അംറോഹിയുടെ രോഗാവസ്ഥ പല തവണ മകന്‍ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുകയുണ്ടായി.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. കഴിഞ്ഞയാഴ്ചയാണ് കോവിഡ് ബാധിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭാര്യ യാമിനി പറയുന്നു.
”മദാന്ത ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെ കിടക്ക ഒഴിവുണ്ടാകുമെന്നാണ് ഞങ്ങളെ അറിയിച്ചത്. കിടക്കയുടെ നമ്പര്‍ വരെ ലഭിച്ചതാണ്. 7.30 തൊട്ട് ഞങ്ങള്‍ അവിടെയുണ്ട്. കോവിഡ് ടെസ്റ്റ് എടുക്കണമെന്നാണ് ആദ്യം പറഞ്ഞത്. അതിനായി ഒന്നര മണിക്കൂറിലേറെ കാത്തിരുന്നു. അതു കഴിഞ്ഞ് കാത്തിരുന്നിട്ടും ആരും ഗൗനിച്ചില്ല.” യാമിനി വിശദീകരിച്ചു. https://thewire.in/health/diplomat-ashok-amrohi-covid-19-death-hospital-bed ഒടുവില്‍ പാര്‍ക്കിംഗ് ഏരിയയില്‍ കാറിലെ മുന്‍ സീറ്റിലിരുന്ന് കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങേണ്ടി വന്നുവെന്നും കുടുംബാഗങ്ങള്‍ ദു:ഖത്തോടെ വ്യക്തമാക്കി. ”ചികിത്സ കിട്ടാതെ തന്റെ മടിയില്‍ കിടന്നാണ് പ്രിയതമന്‍ മരണത്തിന് കീഴടങ്ങിയത്.” പൊട്ടിക്കരഞ്ഞ് യാമിനി അംറോഹി എന്‍ ഡി ടി വിയോട് പറഞ്ഞു.

ക്രിക്കറ്റ് താരമായിരുന്ന അംറോഹിയെ ഓര്‍ത്ത് പഴയ സുഹൃത്ത്

ഡോ മോഹന്‍ തോമസിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അംറോഹിയും പത്‌നി യാമിനിയും (ഇടത് ആദ്യവും നാലാമതും)

ഖത്തറിലെ പ്രമുഖ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധ്യക്ഷനുമായ ഡോ.മോഹന്‍ തോമസ് ഡോ. അശോക് അംറോഹിയുടെ വിയോഗം ഞെട്ടലുളവാക്കുന്നതാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/mohanthomasisc

ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ്, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം എം പി ഷാഫിഹാജി, മുന്‍ ഐ സി സി പ്രസിഡന്റ് കെ ഗിരീഷ്‌കുമാര്‍, അസീം അബ്ബാസ്, ആനി വര്‍ഗ്ഗീസ് തുടങ്ങി നിരവധി പേര്‍ അനുശോചിച്ചു.
തന്നോടൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്ന അംറോഹിയേയാണ് ഖത്തറിലെ പവര്‍ സോഴ്‌സ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എക്‌സിക്യുട്ടീവ് ഡയരക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ സാഖിബ് റാസ ഖാന്‍ ഓര്‍മ്മിച്ചത്. ”അദ്ദേഹം ദോഹയിലുള്ള കാലത്ത് മിക്കവാറും ബുധന്‍, വ്യാഴം ദിനങ്ങളില്‍ സനാസ് ഹൗസില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. എപ്പോഴും അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. എന്നെ അദ്ദേഹത്തിന്റെ ടീമിലെത്തിക്കാന്‍ എപ്പോഴും ഉത്സാഹിച്ചിരുന്നു.” റാസ ഖാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ദോഹയിലെ ജോലിക്കാലത്ത് എംബസി ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹം ജീവസ്സുറ്റതും ഊഷ്മളവുമായ ബന്ധം കാത്തുവെച്ചിരുന്നുവെന്ന് ഗള്‍ഫ് ടൈംസ് മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന രമേശ് മാത്യു പറഞ്ഞു. അശോക് അമ്രോഹിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസല്‍ വിലയില്‍ കുറവ്

തോക്കിന് പകരം ഓക്‌സിജന്‍ സിലണ്ടര്‍ വാങ്ങിയിരുന്നെങ്കില്‍?