ദോഹ: ഫാറൂഖ് കോളേജിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ ഖത്തർ) സംഘടിപ്പിച്ച എഴുപത്തിയഞ്ചുദിന പരിപാടികൾ സമാപിച്ചു. ഫോസ ലെജന്റ്സ് റൂട്ട്, ഗ്ലോബൽ മീറ്റ്, മെഡിക്കൽ ക്യാമ്പ്, ഫസ്റ്റ് എയ്ഡ് പരിശീലനം തുടങ്ങി നിരവധി പരിപാടികൾ നടന്നു.
ആദ്യ പി.ഡി.സി ബാച്ച് വിദ്യാർത്ഥിയായ ഡോ: കെ.പി. അബൂബക്കർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിശേഷിച്ചും മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നൽകി ചടുലമായ മുന്നേറ്റങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഫാറൂഖാബാദിന്റെ വളർച്ചയിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ചുമതല ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫോസ പ്രവർത്തകരുടെ സജീവ ഇടപെടൽ ഏറെ പ്രശംസനീയമാണെന്നും പ്രിൻസിപ്പാൾ ഡോ: കെ. എ ആയിഷ സ്വപ്ന ഓൺലൈനിലൂടെ നൽകിയ ആശംസ സന്ദേശത്തിൽ പറഞ്ഞു. ക്യാമ്പസിൽ നിന്ന് വിവിധ കാലങ്ങളിൽ പഠിച്ചിറങ്ങിയവർ സ്ഥാപനത്തോട് കാണിക്കുന്ന കൂറും ആത്മാർത്ഥതയും ഏറെ അഭിനന്ദനീയമാണെന്ന് വൈസ് പ്രിൻസിപ്പാൾ ഡോ: എം അബ്ദുൾ ജബ്ബാർ സന്ദേശത്തിൽ പറഞ്ഞു.
പ്രസിഡന്റ് അസ്കർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വീ സി ക്യാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. സെക്രട്ടറി ഷുമൈസ് സ്വാഗതവും ട്രഷറർ സഹീർ നന്ദിയും പറഞ്ഞു. ടി.എ.ജെ ഷൗക്കത്തലി, ഇസ്മായിൽ കോട്ടയം, എസ്.എ.എം ബഷീർ, മുഹമ്മദ് പാറക്കടവ് , പൊയിൽ കുഞ്ഞിമുഹമ്മദ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സുനിത, നസീഹ മജീദ്, ബഷീർ അഹ്മദ്, അദീപ, ഒ പി റഈസ്, പി പി ഹാരിസ് , ഹഫീസ്, അഡ്വ. ഇഖ്ബാൽ, അഡ്വ.നൗഷാദ്, ഫായിസ് അരോമ, മുഹമ്മദ് ഇസുദ്ധീൻ, ഷഹ്സാദ്, ഹിബ, മനാഫ്, ജാഫർ എൻ.കെ നേതൃത്വം നൽകി.സയ്യിദ് മഷ്ഹൂദ് തങ്ങൾ, റിയാസ് ബാബു, റജീന പൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു.