in

ഖത്തറില്‍ ന്യായാധിന്മാര്‍ക്കൊപ്പം നാല്‍പ്പതാണ്ട്; കോടതിപ്പടവുകളിറങ്ങി വിമാനം കയറി ‘കുഞ്ഞി ഉസ്താദ്’

മുജീബുര്‍റഹ്മാന്‍ കരിയാടന്‍
ചിത്രം: ഷിറാസ് സിതാര

ദോഹയിലെ ശൈഖ് ദഖീല്‍ ഷിംറിയുടെ ഓഫിസില്‍ നിന്നും ജഡ്ജി മുതല്‍ താഴേതട്ടിലുള്ള അറബികള്‍ ‘കുഞ്ചി’യെന്ന് നീട്ടിവിളിക്കുമ്പോള്‍ കാസര്‍ക്കോട്ടെ തൃക്കരിപ്പൂരുകാരന്‍ മുഹമ്മദ് കുഞ്ഞി എന്ന മലയാളികളുടെ കുഞ്ഞി ഉസ്താദ് ഇനി വീട്ടിലിരുന്ന് ആ വിളി മനസ്സില്‍ കേള്‍ക്കും. കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലം ഖത്തറിന്റെ കോടതികളുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് വിമാനം കയറിയത്.
കൊറോണ വിമാന സര്‍വീസുകളേയും അന്താരാഷ്ട്ര വ്യോമഗതാഗതത്തേയും തകിടം മറിച്ചതാണ് കുഞ്ഞി ഉസ്താദിന്റെ യാത്ര ആരുമറിയാതെ പോയത്. മറ്റെവിടെയും ജോലി ചെയ്യാതെ, നാലു പതിറ്റാണ്ടു കാലം ഒരേ ഓഫിസില്‍ പ്രവര്‍ത്തിക്കുകയും ഖത്തരി നിയമങ്ങളിലും മതനിയമങ്ങളിലും വലിയ പാണ്ഡിത്യമുണ്ടാവുകയും ചെയ്ത ഒരു മനുഷ്യനെ ഇങ്ങനെയായിരുന്നില്ല തന്റെ പ്രിയപ്പെട്ട ഇടം യാത്രയാക്കേണ്ടിയിരുന്നത്.
വെളുത്തു മെലിഞ്ഞ ഒരു മലബാരി എങ്ങനെയാണ് ശൈഖ് ദഖീല്‍ ഷംരി ഓഫിസില്‍ ഇത്ര പ്രിയപ്പെട്ടവനായതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍ വൈസ് പ്രസിഡന്റിന്റെ ഓഫിസിലാണ് കുഞ്ഞി ഉസ്താദിന്റെ ജോലി. അമീറിന്റെ ഈദ് നമസ്‌ക്കാരങ്ങളില്‍ നേതൃത്വം വഹിക്കുന്ന സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍ വൈസ് പ്രസിഡന്റു കൂടിയായ ശൈഖ് ദഖീല്‍ ഷിംറി ഔഖാഫിന്റെ പദവികൂടി വഹിക്കുന്നയാളാണ്.
1978ല്‍ ഖത്തറിലെത്തിയ കുഞ്ഞി ആദ്യത്തെ രണ്ടു വര്‍ഷക്കാലം പലരേയും ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ പേരിനു പിറകില്‍ ഉസ്താദെന്ന പട്ടം വന്നുകിട്ടിയത്. 1980ല്‍ കോടതിയില്‍ ചേര്‍ന്നപ്പോള്‍ കുഞ്ഞിയോടൊപ്പം ഉസ്താദെന്ന വിളിപ്പേരും കൂടെക്കൂടി. തലയിലെപ്പോഴും ആ പ്രത്യേക തൊപ്പി ഉള്ളതുകൊണ്ടായിരിക്കണം ചിലരെല്ലാം അദ്ദേഹത്തെ ‘തൊപ്പി’ എന്നും വിളിച്ചിരുന്നു.
അന്ന് അഞ്ചു പേര്‍ മാത്രമുള്ള മുറൂര്‍ കോടതിയിലായിരുന്നു തുടക്കം. അന്ന് വലിയ പള്ളിക്കു സമീപത്തെ ഒരു കടയുടെ മുകളിലായിരുന്നു കോടതിയെന്ന് ഇപ്പോഴത്തെ ആളുകളില്‍ പലര്‍ക്കും അറിയില്ലെങ്കിലും കുഞ്ഞിക്ക് നന്നായി അറിയാം. പിന്നീട് പല കെട്ടിടങ്ങള്‍ മാറിമാറി കോടതിക്കെട്ടിടം ഇപ്പോഴത്തെ ലുസൈലിലെ കോര്‍ട്ട് ഓഫ് കേസ്സേഷന്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ വരെയെത്തി. പടികയറിയെത്തിയ ആ പഴയ കടമുറിയുടെ മുകളില്‍ നിന്ന് ലുസൈലിലെ ആധുനിക കെട്ടിടം വരെയുള്ള യാത്രക്കിടിയല്‍ അഹമ്മദ് യൂസഫ് ഫക്രുവും സുല്‍ത്താന്‍ അബ്ദുല്ല സുവൈദി (വക്കീല്‍ വസാറ- വസാറത്തുല്‍ അദല്‍)യുമൊക്കെയായി നല്ല സൗഹൃദമാണ് കുഞ്ഞി കാത്തുസൂക്ഷിച്ചിരുന്നത്.
മുന്‍ ചീഫ് ജസ്റ്റിസ് മസൂദ് അല്‍ അംറി കുഞ്ഞിയെ റഈസുല്‍ ഫര്‍റാഷ് എന്നായിരുന്നു തമാശയ്ക്ക് വിളിച്ചിരുന്നത്. ചീഫ് ജസ്റ്റിസിനെ കാണാനെത്തുന്ന എല്ലാ പ്രമുഖര്‍ക്കും ഈ പേരില്‍ കുഞ്ഞിയെ പരിചയപ്പെടുത്തിക്കൊടുക്കുക പതിവായിരുന്നു.
മതഗ്രന്ഥങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്നതിനാല്‍ അക്കാര്യങ്ങള്‍ അദ്ദേഹം ജഡ്ജിമാരുമായി സംസാരിച്ചിരുന്നു. ജഡ്ജിമാരാരും കുഞ്ഞിയെ മാറ്റി നിര്‍ത്തിയിരുന്നില്ല.
അറബി പത്രം അരിച്ചു പെറുക്കി വായിക്കുന്ന ശീലക്കാരനായിരുന്ന കുഞ്ഞി ഉസ്താദ് തന്റെ ശ്രദ്ധയില്‍പ്പെടുന്ന കൗതുകകരമായ വാര്‍ത്തകള്‍ വെട്ടിയെടുത്ത് ചുമരില്‍ ഒട്ടിച്ചുവെക്കുന്നതും പതിവായിരുന്നു. ഈ വാര്‍ത്തകള്‍ തന്റെ ഓഫിസിലെ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു അദ്ദേഹം.
കുഞ്ഞി ഉസ്താദിന്റെ തലയിലെ തൊപ്പിക്കുമുണ്ടൊരു കൗതുകം. കൈകൊണ്ട് തുന്നിയെടുക്കുന്ന തൊപ്പി തമിഴ്‌നാട്ടില്‍ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. ഇപ്പോള്‍ ഇത്തരം തൊപ്പികള്‍ തുന്നുന്നില്ലെങ്കിലും അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ തമിഴ്‌നാട്ടിലെത്തി ഇത്തരം തൊപ്പികള്‍ അദ്ദേഹം പതിവായി സംഘടിപ്പിച്ചിരുന്നു.
തൂവെള്ള വസ്ത്രത്തില്‍ അനായാസം അറബി പറഞ്ഞ് ഉറക്കെ ചിരിക്കാന്‍ ശൈഖ് ദഖീല്‍ ഷിംറിയുടെ ഓഫിസില്‍ ഇനി കുഞ്ഞിയുണ്ടാവില്ല; അദ്ദേഹം നടന്നു തീര്‍ത്ത ഖത്തറിലെ നാലുപതിറ്റാണ്ടുകള്‍ മനസ്സില്‍ പച്ചപ്പോടെ നില്‍ക്കുന്നുണ്ടാവണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പാലക്കാട് കെ എം സി സി താങ്ങായി; ശബീല നാടണഞ്ഞു

നൂതന ഡിജിറ്റല്‍ പുസ്തകവുമായി രാജഗിരി സ്‌കൂള്‍