in

നിയമവിരുദ്ധ ഉപരോധം നാലാംവര്‍ഷത്തിലേക്ക്; പ്രതിബന്ധങ്ങള്‍ മറികടന്ന് ഖത്തര്‍

ആര്‍ റിന്‍സ്
ദോഹ

സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നാലാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങവെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും മറികടന്ന് എല്ലാ മേഖലകളിലും ഖത്തറിന്റെ മുന്നേറ്റം. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം മുമ്പ് പ്രതിസന്ധി ആരംഭിച്ചതുമുതല്‍, മുന്‍ വ്യവസ്ഥകളൊന്നുമില്ലാതെ സാഹചര്യം പരിഹരിക്കുന്നതിനുള്ള പരിഹാര ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സ്ഥിരമായ സന്നദ്ധത പ്രകടിപ്പിച്ചുവരുന്നുണ്ട്.
സമീപദിവസങ്ങളില്‍പോലും ഖത്തര്‍ നിലപാട് ശക്തമായി ഉന്നയിച്ചു. കഴിഞ്ഞയാഴ്ച യുഎന്നില്‍ സംസാരിക്കവെ നിയമവിരുദ്ധ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളും പ്രശ്‌നം പരിഹരിക്കുന്നതില്‍ ഖത്തറിന്റെ സന്നദ്ധതയും യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ സെയഫ് അല്‍താനി ആവര്‍ത്തിച്ച് വിശദീകരിച്ചിരുന്നു.
ഉപരോധം ഖത്തറിന് പല മേഖലകളിലും അനുഗ്രഹമായിത്തീരുകയായിരുന്നു. രാജ്യം സ്വയംപര്യാപ്തതയിലേക്ക് കുതിച്ചുയരുകയാണ്. ഏതു വെല്ലുവിളികളെയും നേരിടാനും മറികടക്കാനുമുള്ള ആത്മവിശ്വാസമാണ് ഉപരോധം ഖത്തറിന് സമ്മാനിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യങ്ങളെപ്പോലും ഫലപ്രദമായി നേരിടാന്‍ ഉപരോധം ഖത്തറിനെ സഹായിച്ചു. മാസ്‌ക്കുകളും സാനിറ്റൈസറുകളും ഫെയ്‌സ് ഷീല്‍ഡുകളുമെല്ലാം വലിയതോതില്‍ ഉത്പാദിപ്പിക്കാനായി.
രാജ്യാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനായി. ലോകരാജ്യങ്ങളുമായി വ്യവസായ സഹകരണം വിപുലീകരിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഒട്ടേറെ ലോകരാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സഹായം അയച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്ന ഒട്ടേറെ രാജ്യക്കാരെ അവരുടെ നാടുകളിലേക്ക് മടക്കിയെത്തിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്‌സ് സുപ്രധാന പങ്ക് വഹിക്കുന്നു. ഖത്തറിനെ കീഴ്‌പ്പെടുത്താന്‍ ഉപരോധ രാജ്യങ്ങള്‍ എത്ര ശ്രമിച്ചെങ്കിലും ഉപരോധം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും ഖത്തര്‍ നിരവധി വിജയകരമായ ശ്രമങ്ങള്‍ നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ വിവേകപൂര്‍ണമായ നിര്‍ദേശവും നേതൃത്വവും കാരണം ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാ പരാജയപ്പെടുകയായിരുന്നു.
ഖത്തറിന്റെ ശക്തമായ സഖ്യങ്ങളും ശക്തമായ നയങ്ങളുമാണ് ഉപരോധം പരാജയപ്പെടാന്‍ കാരണം. ഉപരോധത്തിനിടയിലും സാമ്പത്തിക വെല്ലുവിളികളെയെല്ലാം മറികടന്ന് ഖത്തര്‍ തഴച്ചുവളരുകയാണ്. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഉപരോധം മൂന്നുവര്‍ഷത്തെ അഭിമാനവും അചഞ്ചലതയുമായിരുന്നു. ഖത്തര്‍ തങ്ങളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആവര്‍ത്തിച്ചു ഉറപ്പിച്ചുകൊണ്ടേയിരുന്നു. ദോഹ എപ്പോഴും ചര്‍ച്ചകളും സമാധാനപരമായ പരിഹാരങ്ങളുമാണ് സ്വീകരിക്കുന്നത്.ആരോപണങ്ങളുടെയും നുണകളുടെയും പ്രവാഹത്തിലൂടെ ഖത്തറിനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനാണ് ഉപരോധ രാജ്യങ്ങള്‍ ലക്ഷ്യമിട്ടത്.
വസ്തുതകളെ തടയാനാകില്ല. അതിനാല്‍ ഈ രാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഉപരോധം പ്രഖ്യാപിക്കപ്പെട്ടയുടന്‍തന്നെ ഖത്തരി സമ്പദ് വ്യവസ്ഥക്ക് ഈ നീക്കത്തെ വിജയകരമായി നേരിടാന്‍ സാധിച്ചു. പ്രാദേശിക, അന്തര്‍ദേശീയ സഹകരണത്തോടെ നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിലൂടെ ഭക്ഷണം, മരുന്ന് തുടങ്ങിയ മേഖലകളില്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നു.
20 വര്‍ഷത്തെ യുദ്ധത്തിനുശേഷം യുഎസും അഫ്ഗാന്‍ താലിബാനും തമ്മില്‍ സമാധാനകരാര്‍ ഒപ്പുവെച്ചതുള്‍പ്പടെ നയതന്ത്ര തലത്തില്‍ മികച്ച നേട്ടങ്ങളാണ് രാജ്യത്തിന് കൈവരിക്കാനായത്. ഉപരോധ രാജ്യങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഖത്തര്‍ വിജയിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് പിന്നിട്ട കാലയളവിലെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിസന്ധിയിലും ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തടസമില്ലാതെ പുരോഗമിക്കുന്നു.
ഖത്തര്‍ രാഷ്ട്രീയമായും സാമ്പത്തികമായും ശാസ്ത്രീയമായും കായികരംഗത്തും അഭിവൃദ്ധി പ്രാപിക്കുകയും കല, സംസ്‌കാരം, കായികം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമായി മാറുകയും ഡസന്‍ കണക്കിന് ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍, കായിക ചാമ്പ്യന്‍ഷിപ്പുകള്‍, സമ്മേളനങ്ങള്‍, രാഷ്ട്രീയ പരിപാടികള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തുവരുന്നുണ്ട്. 2022 ഫിഫ ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തര്‍ വലിയ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. വിവിധ മേഖലകളില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് ദ്രുതഗതിയില്‍ അടുക്കുകയാണ് ഖത്തര്‍.

മൂന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തിയത് 4275 നിയമലംഘനങ്ങള്‍
ദോഹ: ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങള്‍ ഉപരോധരാജ്യങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതായി ദേശീയ മനുഷ്യാവകാശ സമിതി (എന്‍എച്ച്ആര്‍സി) കുറ്റപ്പെടുത്തി. ഉപരോധത്തിനുശേഷം സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ ഭാഗത്തുനിന്നും 4275 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥിതിവിവരക്കണക്കുകള്‍ അടങ്ങിയ പുസ്തകം എന്‍എച്ച്ആര്‍സി പുറത്തിറക്കി. ഖത്തര്‍ ഉപരോധത്തിലായിട്ട് മൂന്നു വര്‍ഷം എന്ന തലക്കെട്ടിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ച ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. സഊദി അറേബ്യയുടെ ഭാഗത്തുനിന്നാണ് ഏറ്റവുമധികം നിയമലംഘനങ്ങളുണ്ടായിരിക്കുന്നത്. എന്‍എച്ച്ആര്‍സി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലംഘനങ്ങളില്‍ 2448 എണ്ണം സഊദിയുടെ ഭാഗത്തുനിന്നാണ്. യുഎഇയുടെ 1225 നിയമലംഘനങ്ങളും ബഹ്‌റൈന്റെ 602 നിയമലംഘനങ്ങളും രേഖപ്പെടുത്തി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍എച്ച്ആര്‍സിയുടെ വെബ്‌സൈറ്റില്‍ പുസ്തകം ലഭ്യമാണ്. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ.അലി ബിന്‍ സമൈഖ് അല്‍മര്‍റി നേരത്തെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഉപരോധരാജ്യങ്ങളുടെ നിയമലംഘനങ്ങളും തെറ്റായ നടപടികളും മൂന്നു വര്‍ഷമായി നിലനില്‍ക്കുകയാണ്. നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരും. ഖത്തര്‍ ജനതക്ക് മേലുള്ള സഊദി സഖ്യ രാജ്യങ്ങളുടെ വംശീയ വിവേചനങ്ങള്‍ തുടരുകയാണ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി എന്നതാണ് ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും അപകടകരമായ യാതനകളിലൊന്ന്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിലൂടെ ഗള്‍ഫ് കുടുംബങ്ങളാണ് ശിഥിലമായത്. കൂടാതെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ചികിത്സ, സഞ്ചാരം, വിദ്യാഭ്യാസം കുടുംബ ഏകീകരണം എന്നിവയെല്ലാം വിലക്കി കൊണ്ടുള്ള ഉപരോധത്തെ രാജ്യം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുവര്‍ഷത്തെ അന്യായമായ ഉപരോധത്തിനുശേഷം ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എന്‍എച്ച്ആര്‍സി വിശ്രമിക്കില്ല. ഇക്കാര്യത്തില്‍ പ്രതിസന്ധിയുടെ രാഷ്ട്രീയമായ ഗതി പരിഗണിക്കാതെ തന്നെ എന്‍എച്ച്ആര്‍സി മുന്നോട്ടുപോകും. ഖത്തര്‍ ഉപരോധം മേഖലയിലെ മനുഷ്യാവകാശ സാഹചര്യത്തെ ബാധിച്ചുവെന്നും പ്രാദേശിക മനുഷ്യാവകാശ സംവിധാനങ്ങളിലും സംഘര്‍ഷ പരിഹാരത്തിലും ആത്മവിശ്വാസം നഷ്ടപ്പെടുന്നതായും എന്‍എച്ച്ആര്‍സി വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ പിന്തുണ: അമീറിന് നന്ദി അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: നിയമത്തിന് അംഗീകാരം