
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) പ്രതിരോധിക്കുന്നതില്‍ ഖത്തറിന് മികച്ച മുന്നേറ്റം. കോവിഡ് വ്യാപനം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഖത്തര്‍ മികച്ച ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നും രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും പൊതുജനാരോഗ്യമന്ത്രാലയത്തിലെ ആരോഗ്യകാര്യ അസിസ്റ്റന്റ് മന്ത്രി ഡോ.സാലിഹ് അലിഅല്‍മര്‍റി പറഞ്ഞു.
കോവിഡിനെതിരായ അന്താരാഷ്ട്ര വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഖത്തറിന് സന്തോഷമുണ്ടെന്നും എജ്യൂക്കേഷന്‍സിറ്റി സ്പീക്കര്‍ സീരിസിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ മരണനിരക്ക് പൂജ്യമാണ്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ശക്തമായ നേതൃത്വത്തിന്റെ കീഴില്‍ പ്രാദേശിക ഓഹരിപങ്കാളികളുമായി ചേര്‍ന്ന് മികച്ച രീതിയിലാണ് ഖത്തര്‍ പ്രവര്‍ത്തിക്കുന്നതെന്നും അല്‍മര്‍റി പറഞ്ഞു. ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വിജയത്തിന്റെ താക്കോല്‍. ഖത്തറില്‍ നടപ്പാക്കിയിട്ടുള്ള നടപടികളോട് സമൂഹം പാലിക്കുന്ന രീതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തെ എല്ലാ കോവിഡ്-19 രോഗികള്‍ക്കും വിവേചവമില്ലാതെ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഖത്തര്‍. ഖത്തറില്‍ താമസിക്കുന്ന കൊറോണ വൈറസ് രോഗികള്‍ക്ക് വിവേചനമില്ലാതെ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അല്‍അറബി ടീവിക്കു നല്‍കിയ അഭിമുഖത്തില്‍ ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്്താവും അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയുമായ ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്ത് താമസിക്കുന്ന ആരെയും ഒഴിവാക്കില്ല. കൊറോണ വൈറസ് പ്രതിസന്ധിയെ വലിയ സന്നദ്ധതയോടെയാണ് ഖത്തര്‍ നേരിടുന്നത്. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി സര്‍ക്കാര്‍ ഇതുവരെയും സ്വകാര്യമേഖലയെ സമീപിച്ചിട്ടില്ല. എന്നിരുന്നാലും രാജ്യത്തിന് ആവശ്യമുള്ള സാഹചര്യത്തില്‍ കൊറോണ രോഗികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നിശ്ചിത ശതമാനം വിനിയോഗിക്കും. 12,000 കിടക്കകളുടെ ശേഷിയുള്ള ഫീല്‍ഡ് ആസ്പത്രികള്‍ രാജ്യം സജ്ജമാക്കിയിട്ടുണ്ട്. ഖത്തറില്‍ നിരവധി ദേശീയതകളും സംസ്‌കാരങ്ങളും ഉള്ളതിനാല്‍ ചില ചിന്താഗതികള്‍ മാറ്റുന്നതില്‍ പ്രയാസമുണ്ട്. ഈ ഭാഷകളെയും ദേശീയതകളെയും കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല, ഒന്‍പത് ഭാഷകളിലെ മാധ്യമ സന്ദേശങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഉപരോധത്തിന്റെ അനുഭവം ഖത്തറിന് വളരെയധികം ഗുണം ചെയ്തുവെന്നും പ്രത്യേകിച്ചും തന്ത്രപരമായ സംഭരണത്തിന്റെ വീക്ഷണകോണില്‍ നിന്നും പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നതില്‍ പ്രയോജനകരമായെന്നും അല്‍ഖാതിര്‍ പറഞ്ഞു.
2017നു മുമ്പ് ഭക്ഷണവും മരുന്നും ഉള്‍പ്പടെ 90ശതമാനം ആവശ്യങ്ങളും നിറവേറ്റുന്നതിന് ഖത്തര്‍ അയല്‍രാജ്യങ്ങളെയാണ് ആശ്രയിച്ചത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ അറബ് ലോകത്ത് ഖത്തര്‍ ഒന്നാമതും ആഗോളതലത്തില്‍ പതിമൂന്നാമതുമാണ്. ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ സംഭരണത്തിനായി രാജ്യം പര്യാപ്തമാണ്.
സംഭരണം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധിയെ നേരിടാന്‍ ഏറ്റവും സജ്ജമായ രാജ്യമാണ് ഖത്തര്‍. നിലവിലുള്ള ഫാക്ടറികള്‍ക്കു പുറമെ മാസ്‌ക്കുകള്‍, അണുനാശിനി, സ്റ്റെറിലൈസറുകള്‍ എന്നിവക്കായി പുതിയ ഫാക്ടറികള്‍ സ്ഥാപിച്ചു. സാമ്പത്തിക, നയതന്ത്ര വശങ്ങളിലുള്‍പ്പടെ ഉപരോധത്തിന്റെ എല്ലാ ഫലങ്ങളെയും ഖത്തര്‍ മറികടന്നിട്ടുണ്ടെന്നും അല്‍ഖാതിര്‍ പറഞ്ഞു.