in

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ചരക്കുനീക്കത്തില്‍ 4.7% വര്‍ധന

ദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍(എച്ച്‌ഐഎ) ചരക്ക് പ്രവര്‍ത്തനങ്ങളില്‍ വര്‍ധന. ആദ്യപാദത്തില്‍ 5,29,436 ടണ്‍ കാര്‍ഗോയാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 4.7ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 1,76,279 ടണ്‍, ഫെബ്രുവരിയില്‍ 1,73,248 ടണ്‍, മാര്‍ച്ചില്‍ 1,79,909 ടണ്‍ വീതം കാര്‍ഗോയാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. പ്രാദേശികമായും അന്തര്‍ദേശീയമായും അവശ്യവസ്തുക്കളുടെയും മെഡിക്കല്‍ സാമഗ്രികളുടെയും വര്‍ധിച്ച ആവശ്യകത ഉയര്‍ന്നതിനെത്തുടര്‍ന്ന് അതിനോടു പ്രതികരിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്‌സും ഹമദ് രാജ്യാന്തര വിമാനത്താവളവും നടത്തുന്ന തുടര്‍ച്ചയ ശ്രമങ്ങള്‍ ചരക്കുനീക്കത്തിലെ വര്‍ധനവിനിടയാക്കിയിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ലോകമെമ്പാടുമുള്ള കണക്റ്റിവിറ്റി, ആഗോള വിതരണ ശൃംഖല പുനസ്ഥാപിക്കല്‍, ചരക്ക് കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച വിപണി ആവശ്യകത നിറവേറ്റല്‍ എന്നിവയെല്ലാം നിര്‍വഹിക്കുന്നത് ചരക്ക് വിഭാഗമായ ഖത്തര്‍ എയര്‍വേസ് കാര്‍ഗോയിലൂടെയാണ്. കോവിഡ് മഹാമാരിക്കെതിരായ ആഗോളപോരാട്ടത്തിലും ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ണായക പങ്ക് വഹിക്കുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കാണ് അടിയന്തര മെഡിക്കല്‍ സഹായവും ദുരിതാശ്വാസവും ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ, യാത്രാവിമാനങ്ങള്‍ മുഖേന എത്തിക്കുന്നത്. നിലവില്‍ പ്രതിദിനം ഏകദേശം 175 കാര്‍ഗോ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഷെഡ്യൂള്‍ ചെയ്യുന്നത്. ഇതിനായി കാര്‍ഗോ വിമാനങ്ങള്‍ക്കു പുറമെ യാത്രാവിമാനങ്ങളും ഉപയോഗിക്കുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ സര്‍ക്കാരുമായും എന്‍ജിഒകളുമായും ചേര്‍ന്ന് ഒരു ലക്ഷം ടണ്‍ വൈദ്യസഹായവും മറ്റു സഹായങ്ങളും ലോകമെമ്പാടും ഖത്തര്‍ എയര്‍വേയ്‌സ് എത്തിച്ചു. ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമെ ചാര്‍ട്ടര്‍ സര്‍വീസുകളും ഇതിനായി ഉപയോഗിച്ചു. പൂര്‍ണമായും ലോഡ് ചെയത 1000 ബോയിങ് 777 ചരക്കുവിമാനങ്ങള്‍ക്കു തുല്യമായ ഉത്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലെത്തിച്ചത്. ചൈന, ഇന്ത്യ, ഇറാന്‍, കുവൈത്ത്, ലബനാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലേക്കാണ് കാര്‍ഗോ സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച ഒരു ദിവസം 147 കാര്‍ഗോ സര്‍വീസുകള്‍ നടത്തി ഖത്തര്‍ എയര്‍വേയ്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇതിനായി 78 ചരക്കുവിമാനങ്ങളും 69 യാത്രാ വിമാനങ്ങളും ഉപയോഗപ്പെടുത്തി. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പുമായും അന്താരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് വിവിധ രാജ്യങ്ങളിലെ യാത്രക്കാര്‍ സുരക്ഷിതമായി സ്വദേശങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വിമാനത്താവളം പ്രവര്‍ത്തനം തുടരുന്നു. ലോകമെമ്പാടുനിന്നുമായി ഖത്തരി പൗരന്‍മാരെ തിരികെയെത്തിക്കുന്നതിനും എച്ച്‌ഐഎ ദേശീയ കടമ നിറവേറ്റുന്നു. യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി, ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം, മതാര്‍ മാനേജ്‌മെന്റ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായി സഹകരിച്ച് ദോഹയില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും എയര്‍ലൈന്‍ ക്രൂവിനെയും 24 മണിക്കൂറും എന്‍ട്രി സ്‌ക്രീനിങ് നടത്തുന്നുണ്ട്. ഖത്തരി പൗരന്‍മാരെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യുന്നു. എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ക്യാമറകളും മെഡിക്കല്‍ ക്ലിനിക്കും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികളുടെ മടക്കം: കൊച്ചിയിലേക്കുള്ള വിമാനയാത്ര ഒന്‍പതിലേക്ക് മാറ്റി