ദോഹ: ഖത്തറില്‍ നിന്നും വാക്സിനെടുത്ത ഇന്ത്യാക്കാര്‍ക്കും ഓഗസ്റ്റ് രണ്ടു മുതല്‍ ഖത്തറില്‍ രണ്ടുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി. ഖത്തറില്‍ വെച്ച് കോവിഡ് രോഗമുക്തരായവര്‍ക്കും ഈ തീരുമാനം ബാധകമാണ്. ഖത്തറിനു പുറത്തുവെച്ച് അംഗീകൃത കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് പത്തു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടു ഡോസുമെടുത്തവര്‍ ഓഗസ്റ്റ് രണ്ടു മുതല്‍ ഖത്തറിലെത്തിയാല്‍ പത്തുദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഖത്തറിനു പുറത്തുവെച്ച് രോഗം വന്നുപോയവര്‍ക്കും ഇതുബാധകമാണ്. ഇതുള്‍പ്പടെ ഖത്തറിന്റെ പ്രവേശന, ക്വാറന്റൈന് നയങ്ങളില്‍ മാറ്റംവരുത്തി. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്ക്വാറന്റൈന് നിര്‍ബന്ധമാക്കിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് രണ്ടു ഉച്ചക്ക് പന്ത്രണ്ടു മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയത്. ഖത്തര്‍ റസിഡന്റ്സ് പെര്‍മിറ്റുള്ളവരുടെ കാര്യത്തില്‍ ഖത്തറില്‍ നിന്നും വാക്സിനേഷന് പൂര്‍ത്തിയാക്കിയവരും ഖത്തറില്‍ വെച്ച് കോവിഡ് രോഗമുക്തരായവരും മടങ്ങിയെത്തുമ്പോള്‍ രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. നേരത്തെ ഇത്തരക്കാര്‍ക്ക് ഹോട്ടല്‍ക്വാറന്റൈനില്‍ നിന്നും ഇളവ് നല്‍കിയിരുന്നു. അതൊഴിവാക്കിയാണ് ഇപ്പോള്‍ ക്വാറന്റൈന് പുനസ്ഥാപിച്ചിരിക്കുന്നത്. രണ്ടാം ഹോട്ടലില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണങ്കില്‍ ക്വാറന്റൈന് അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാം. ഇന്ത്യയില്‍ വെച്ച് ഖത്തര്‍ അംഗീകൃത വാക്സിന്(കോവിഷീല്‍ഡ്) രണ്ടു ഡോസും പൂര്‍ത്തിയാക്കിയവരും ഇന്ത്യയില്‍ വെച്ച് കോവിഡ് രോഗമുക്തരായവരും വാക്സിനെടുക്കാത്തവരുമായ ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ ദോഹയിലെത്തിയാല്‍ പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ വെച്ച് ഖത്തര്‍ അംഗീകൃത വാക്സിനെടുത്തവരും കുടുംബ, സന്ദര്‍ശക, വര്‍ക്ക് വിസകളിലെത്തുന്നവരുമായവര് ഖത്തറിലെത്തിയാല്‍ പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്.വാക്സിനെടുക്കാത്തവര്‍ക്ക് ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ ഖത്തറില്‍ പ്രവേശനം അനുവദിക്കില്ല. ഇന്ത്യാക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്. എങ്കിലും ഖത്തറില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു ദിവസം മാത്രം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയത് വലിയ സാമ്പത്തിക ബാധ്യതക്കിടയാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോവിഷീല്‍ഡ് എടുത്തവര്‍ക്ക് നിലവിലെ തീരുമാനം തിരിച്ചടിയാണ്. ഖത്തര്‍ ആരോഗ്യമന്ത്രാലയം കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയതോടെ അവധിക്കു നാട്ടിലെത്തിയ വാകസിനെടുത്തിട്ടില്ലാത്ത പലരും മടങ്ങിപ്പോകുമ്പോള്‍ ക്വാറന്റൈന് ഒഴിവാക്കുന്നതിനായി കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചിരുന്നു. അവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.
ഓഗസ്റ്റ് രണ്ടുമുതല്‍ ഖത്തറില്‍ നിന്നു വാക്സിനെടുത്ത ഇന്ത്യാക്കാര്‍ക്കും രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധം
