in

ആഗോള ജനിതക പഠനങ്ങളില്‍ നിന്ന്
400 ദശലക്ഷം അറബികള്‍ പുറത്തെന്ന്് റിപ്പോര്‍ട്ട്‌

ഡോ. സെയ്ദ് ഇസ്മാഈല്‍

ദോഹ: ലോകത്തൊട്ടാകെ ഏകദേശം 400 ദശലക്ഷം അറബികളുണ്ടെങ്കിലും ആഗോള ജനിതക പഠനങ്ങളില്‍ അവരെ കണക്കാക്കുന്നില്ലെന്ന് ഖത്തര്‍ ജീനോം പ്രോഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ നടപ്പാക്കുന്ന ഖത്തര്‍ ജീനോം പ്രോഗ്രാം ആഗോളതലത്തിലെതന്നെ ആദ്യത്തെ അറബ് ജീനോം സ്ഥാപിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. ആരോഗ്യസംരക്ഷണത്തിന്റെ ഭാവിയില്‍ വിപ്ലവകരമാണ് ജനിതകഘടനയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വൈവിധ്യത്തിന്റെ അഭാവം ഇതിനെ ബാധിക്കുന്നുണ്ട്. ജനിതകഘടന വാഗ്ദാനം ചെയ്യുന്ന ഭാവി എല്ലാവര്‍ക്കുമുള്ളതല്ല, കുറഞ്ഞപക്ഷം ഇതുവരെ അറബികള്‍ക്കു ലഭിക്കുന്നില്ല- ഖത്തര്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ജീനോമിക്‌സിലെ വൈവിധ്യം യഥാര്‍ഥ പ്രശ്‌നമാണ്. ആഗോള ജിനോമിക്‌സ് ഡാറ്റാബേസുകളിലെ ജനിതക വിവരങ്ങളില്‍ 75 മുതല്‍ 80 ശതമാനം വരെയും യൂറോപ്യന്‍ വംശജരുടേതാണ് ഉള്‍ക്കൊള്ളുന്നത്. തൊട്ടുപിന്നാലെ പത്തുശതമാനം ഏഷ്യയുടെയും രണ്ടു ശതമാനം ആഫ്രിക്കയുടെയും ഒരു ശതമാനം ഹിസ്പാനിക് വംശജരുടേതുമാണ്. മറ്റെല്ലാ ഗ്രൂപ്പുകളുടെയും ജനിതകവിവരങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്ന് ഖത്തര്‍ ജീനോം പ്രോഗ്രാം(ക്യുജിപി) ഡയറക്ടര്‍ ഡോ. സെയ്ദ് ഇസ്മാഈല്‍ ചൂണ്ടിക്കാട്ടി. മനുഷ്യജനിതക ഘടന ഒരു പസിലിനു സമാനമാണ്. ഓരോ വംശവും പസിലിന്റെ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നു.
നിലവില്‍ പസിലിന്റെ ചില ഭാഗങ്ങള്‍ നന്നായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ വംശജരുടേത് ഇതിനുദാഹരണമാണ്. മറ്റു ഭാഗങ്ങള്‍ നിലവിലുണ്ടെങ്കിലും ചിലരെ ഇപ്പോഴും കാണുന്നില്ല. ആഫ്രിക്കക്കാര്‍, ഏഷ്യക്കാര്‍ എന്നിവര്‍ ഈ രീതിയില്‍ കാണാം. പസിലിന്റെ മറ്റൊരു ഭാഗം ഏകദേശം ഇല്ലാതായിരിക്കുന്നു. ആ ഭാഗമൊരു വലിയ ശൂന്യതയാണ്. ഈ ഭാഗം അറബികളെ പ്രതിനിധീകരിക്കുന്നു. ഏകദേശം 400 ദശലക്ഷം അറബികള്‍ നിലവിലുണ്ടെങ്കിലും ആഗോള ജനിതകഘടനാ പഠനങ്ങളില്‍ ഇവരെ കണക്കാക്കപ്പെടുന്നില്ല- ഡോ. സെയ്ദ് ഇസ്മാഈല്‍ പറഞ്ഞു. ഏതൊരു വംശത്തിനും കൃത്യമായ വൈദ്യശാസ്ത്രത്തില്‍നിന്നും പ്രയോജനം ലഭിക്കുന്നതിന്റെ ആദ്യപടിയെന്നത് ആ വംശത്തിന്റെ ജീനോമുകളെ ക്രമീകരിക്കുകയും മനസിലാക്കുകയും ചെയ്യുകയെന്നതാണ്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്യുജിപി ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഖത്തറിനെ മാത്രമല്ല, മേഖലയെയും അറബ് ലോകത്തെയും ഒന്നാകെ പ്രതിനിധീകരിച്ചുകൊണ്ട് ആഗോള ജീനോമിക്‌സ് ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ ചേര്‍ക്കുന്നതിനായാണ് ക്യുജിപിയുടെ പ്രവര്‍ത്തനമെന്നും ഡോ.ഇസ്മാഈല്‍ പറഞ്ഞു. 20,000 ഖത്തരി ജീനോമുകള്‍ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. 3000 ഖത്തരി ഇതര അറബ് നിവാസികളുടെ ജനിതകഘടന ക്രമീകരിച്ചുകൊണ്ട് ആദ്യത്തെ സമഗ്ര അറബ് റഫറന്‍സ് ജീനോം സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിനെതിരായ ഉപരോധം: പരിഹാര സൂചന നല്‍കി സഊദി

വിനോദത്തിലേക്ക് പുതിയൊരു ചുവട്; കത്താറയില്‍ ടേസ്റ്റി സ്ട്രീറ്റിനു തുടക്കമായി