in

ജൂലൈ 28 മുതല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80% ജീവനക്കാര്‍ക്ക് ഓഫീസിലെത്തി ജോലി ചെയ്യാം

ദോഹ: ജൂലൈ 28 മുതല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരില്‍ 80 ശതമാനം പേര്‍ക്കും ഓഫിസിലെത്തി ജോലി ചെയ്യാം. സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 28 മുതല്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 20 ശതമാനം ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി തുടരാം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിക്കുന്നത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ കൈക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നടപടികളെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി വിശദീകരിച്ചു. മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തുടര്‍ച്ചയായി നടപ്പാക്കുമെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആവശ്യാനുസരണം 80ശതമാനം വരെ ജീവനക്കാര്‍ക്ക് ഓഫിസിലെത്തി ജോലി നിര്‍വഹിക്കാം. സ്വകാര്യമേഖലയില്‍ 80ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തണം. സ്വകാര്യ ആസ്പത്രികളില്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം.
മാത്രമല്ല അടിയന്തര സേവനങ്ങളും നല്‍കാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാവിധ കോവിഡ്-19 മുന്‍കരുതല്‍ നിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നത് തുടരണം. ബന്ധപ്പെട്ട അതോറിറ്റികള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പാര്‍പ്പിട മേഖലകളിലെ വാണിജ്യ സ്റ്റോറുകള്‍ സംബന്ധിച്ച 2006 ലെ 70-ാം നമ്പര്‍ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള വ്യാപാര വ്യവസായ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഖത്തറി ഇതര സ്വത്തിന്റെ ഉടമസ്ഥാവകാശവും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള സമിതിയുടെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20 മുതല്‍ ഈ ഏപ്രില്‍ 20വരെയുള്ള വരെയുള്ള കാലയളവിലെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ട് മന്ത്രിസഭ വിലയിരുത്തുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിനെ പരാജയപ്പെടുത്താന്‍ നഴ്‌സുമാര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു: പിഎച്ച്‌സിസി

ക്യൂബന്‍ ആശുപത്രിയിലെ ഗര്‍ഭിണീ പരിചരണം; മാര്‍ഗനിര്‍ദേശവുമായി മന്ത്രാലയം