
ദോഹ: വാരാന്ത്യങ്ങളില്‍ ഷോപ്പുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇവയെല്ലാം വിലക്കിയ മുന്‍തീരുമാനം മന്ത്രിസഭായോഗം റദ്ദാക്കി. രാജ്യത്ത് ഇനി മുതല്‍ വാരാന്ത്യങ്ങളിലും വാണിജ്യ, സേവന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. ഈ സാഹചര്യത്തില്‍ ജൂലൈ ഒന്‍പത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഓരോ ആഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷോപ്പുകള്‍ അടക്കുകയും എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുകയും ചെയ്യുന്ന തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കേര്‍പ്പെടുത്തിയ വാരാന്ത്യ വിലക്ക് റദ്ദാക്കിയത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സഅദ് ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവശ്യ മേഖലയില്‍ ഒഴികെയുള്ള വാണിജ്യ, സേവന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നത്.