
മറ്റു രാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഇളവ് ബാധകമല്ല
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന് രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല. ക്വാറന്റൈന് ഇളവ് ലഭിക്കണമെങ്കില്‍ വാക്സിന് സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടിരിക്കണം. കൂടാതെ ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോള്‍ നെഗറ്റീവ് പി.സി.ആര് പരിശോധനാ ഫലവുമുണ്ടായിരിക്കണം. രാജ്യത്ത് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ വിദേശയാത്ര നടത്തി മടങ്ങിയെത്തുമ്പോള്‍ ക്വാറന്റൈനിലിരിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവര്‍ കോവിഡ് രോഗികളുമായി സമ്പര്ക്കമുണ്ടായിട്ടുണ്ടെങ്കില്പോലും ക്വാറന്റൈന് നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കി നല്‍കും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് പതിനാല് ദിവസത്തിനുശേഷം മൂന്നു മാസത്തേക്കായിരിക്കും ക്വാറന്റൈന് ഇളവ് ബാധകമാകുക. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ മൂന്നുമാസമെന്ന ഇളവ് നീട്ടാനിടയുണ്ട്. മറ്റു രാജ്യങ്ങളില്‍ കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഈ ഇളവ് നിലവില്‍ ബാധകമല്ല. അതായത് ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്കുമാത്രമായിരിക്കും ക്വാറന്റൈന് ഒഴിവാക്കി നല്‍കുക. കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യ കര്‍മ്മപദ്ധതി ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്ഖാലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിനല്കുന്നത് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയതോതില്‍ ആശ്വാസമാകും. നിലവില്‍ ഖത്തറിന്റെ ഗ്രീന്ലിസ്റ്റില്പ്പെടാത്ത രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്.