in

കടല്‍ത്തീര കായിക വിനോദ പ്രേമികളെ, സകുടുംബം ഫുവൈരിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ടിലേക്ക് സ്വാഗതം

ഒക്ടോബറില്‍ തുടക്കമാവും
ഫിഫ ലോക കപ്പിനെത്തുന്നവര്‍ക്ക് മറ്റൊരു ആകര്‍ഷകേന്ദ്രം കൂടി


ദോഹ: കടല്‍ത്തീര കായികവിനോദങ്ങളിലേര്‍പ്പെട്ടും പലതരം വിഭവങ്ങള്‍ രുചിച്ചും കടലോരക്കാറ്റേറ്റ് സകുടുംബം അവധിക്കാലം ചെലവഴിക്കാന്‍ ഒരു ആകര്‍ഷക റിസോര്‍ട്ട് തയ്യാര്‍.

ഫുവൈരിത്ത് കൈറ്റ് സര്‍ഫിംഗ് ബീച്ച് റിസോര്‍ട്ടിലെ യോഗ കേന്ദ്രം

ദോഹയില്‍ നിന്ന് 94.4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഫുവൈരിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ട്. പട്ടംപറത്തിയുള്ള സര്‍ഫിംഗ്, കയാക്കിംഗ്, സ്‌കൂബഡൈവിംഗ്, പാരാസെയിലിംഗ് തുടങ്ങിയവയിലേര്‍പ്പെടുന്നവര്‍ക്ക് ഈ താമസകേന്ദ്രം ഏറെ ആകര്‍ഷകമാവുമ്പോള്‍ തന്നെ ഇത്തരം കായികാഭ്യാസങ്ങള്‍ അറിയാത്തവരെ പരിശീലിപ്പിക്കാനും ഇവിടെ പൂര്‍ണ്ണ സംവിധാനമുണ്ട്.

പാഡില്‍ബോര്‍ഡിംഗ്, വേക്ക്‌ബോര്‍ഡിംഗ്, സ്‌നോര്‍ക്കെലിംഗ് തുടങ്ങിയവയും പരിശീലിപ്പിക്കും.
50 മുറികളാണ് ഫുവൈരിത് ബീച്ച് റിസോര്‍ട്ടിലുള്ളത്. ഇതില്‍ നാല്‍പ്പതോളം മുറികള്‍ കടല്‍ത്തീരത്തിന് അഭിമുഖമായുള്ളതാണ്.

റിസോര്‍ട്ടിലെ മുറികളുടെ പുറം കാഴ്ച

നാലോ അഞ്ചോ പേരുള്ള ഒരു കുടുംബത്തിന് അനുയോജ്യമായ എട്ട് കണക്റ്റിംഗ് റൂമുകളുണ്ട്. മുപ്പത്തിരണ്ടു മുറികളില്‍ കിംഗ് സൈസ് കിടക്കകളും എട്ടെണ്ണം ഇരട്ട മുറികളുമാണ്. ഇവയിലെ പത്തുമുറികള്‍ കൈറ്റ് സര്‍ഫിംഗിലേര്‍പ്പെടുന്നവര്‍ക്കായുള്ള സൗകര്യത്തോടെ സജ്ജീകരിച്ചവയാണ്.

റിസോര്‍ട്ടിലെ മുറി

റിസോര്‍ട്ടില്‍ പ്രവേശിക്കുമ്പോള്‍ സന്ദര്‍ശകരെ എതിരേല്‍ക്കുന്നത ഒരു തള്ളവിരലിന്റെ സല്യൂട്ട് (ഷാക) ചിഹ്നമാണ്. ഹവായിയന്‍ അഭിവാദ്യ വാക്യമായ അലോഹയുടെ ആത്യന്തിക ചിഹ്നമായാണ് ഷാക കണക്കാക്കുന്നത്. റിസപ്ഷന്‍ ഏരിയയിലേക്ക് വന്നാല്‍ ‘അലോഹ മര്‍ഹബ’ എന്ന വാക്യത്തോടെയാവും ജീവനക്കാര്‍ സ്വീകരിക്കുക.

അലോഹ എന്ന ഹവായിയന്‍ ആശംസയും അറബിയിലെ മര്‍ഹബയും കൂടിച്ചേരുന്ന ആശംസയാണിത്. പ്രധാന ഹാളിന്റെ രൂപകല്‍പ്പന തന്നെ മനോഹരമാണ്. ഗ്രൂവി കാറുകള്‍, ഫ്‌ളെമിംഗോകളുടെ പ്രതിമകള്‍, സ്‌കൂട്ടര്‍, സൈക്കിളുകള്‍ എന്നിവയെല്ലാം അലങ്കാരത്തിന്റെ ഭാഗമാണ്. പ്ലേയിംഗ് ടേബിള്‍ സ്‌പേസും ഉണ്ട്. പാന്‍ട്രി ഏരിയ പ്രധാന ഹാളിലാണ്. അതിഥികള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന ‘ഹാംഗ് ലൂസ്’ ഏരിയ ഇതിനോട് ചേര്‍ന്നാണ്.

ഫിറ്റ്‌നെസ്റ്റ് സെന്ററിന്റെ ഉള്‍ഭാഗം

ഗസ്റ്റ് ഹൗസ്, ഫിറ്റ്‌നസ് സെന്റര്‍, ബീച്ച് വോളിബോള്‍, ബീച്ച് ഫുട്‌ബോള്‍, യോഗ കേന്ദ്രം എന്നിവയുമുണ്ട്. ഔട്ട്‌ഡോര്‍ സിനിമ ഉടന്‍ തുറക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചുമരുകളില്‍ ചുറ്റും ഗ്രാഫിറ്റി ആര്‍ട്ട് സൗന്ദര്യം നല്‍കുന്നു. കടലോര ജീവിതവുമായോ ഖത്തറിന്റെ സംസ്‌കാരവുമായോ സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളവയോ ആണ് ചുവര്‍ചിത്രങ്ങള്‍. കൂടാതെ റിസപ്ഷന്‍ ഏരിയയ്ക്ക് അടുത്തായി കടലിന് അഭിമുഖമായ നീന്തല്‍ക്കുളവുമുണ്ട്.

മനോഹരമായ മുറികളിലും ചുവര്‍ചിത്രങ്ങളുണ്ട്. ടെലിവിഷന്‍, അലമാര, വാഷ്‌റൂം എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കടല്‍ത്തീരത്തെ അഭിമുഖീകരിക്കുന്ന മുറികളില്‍ ഒരു നടുമുറ്റത്തേക്ക് നയിക്കുന്ന സ്ലൈഡിംഗ് വാതിലുകളാണുള്ളത്, ഊഞ്ഞാല്‍, ബീന്‍ ബാഗ്, മേശ, കസേരകള്‍ എന്നിവയും ഷവര്‍ ഏരിയയും കടലിനഭിമുഖമായി മുറിക്ക് പുറത്തുണ്ട്. സമീപത്ത് കടലാമകളുടെ വാസസ്ഥലം ഉള്ളതിനാല്‍ രാത്രിസമയത്ത് റിസോര്‍ട്ടിന്റെ ഔട്ട്‌ഡോര്‍ ലൈറ്റിംഗ് മുറികളില്‍ നിന്ന് മാത്രമേ വരികയുള്ളൂ. പ്രകൃതിദത്തമായ വെളിച്ചമുള്ള ബീച്ചുകളില്‍ വിരിയുന്ന കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇഴയുന്നതില്‍ നിന്നും കൃത്രിമ പ്രകാശ സ്രോതസ്സുകള്‍ തടയുന്നതിനാലാണിത്.

ഹില്‍ട്ടണ്‍ ആണ് റിസോര്‍ട്ട് മാനേജ് ചെയ്യുന്നത്. ഖത്തര്‍ ടൂറിസം വകുപ്പ് റിസോര്‍ട്ടിലേക്ക് ഖത്തറിലെ മാധ്യമപ്രവര്‍ത്തര്‍ക്കായി കഴിഞ്ഞ ദിവസം സന്ദര്‍ശനമൊരുക്കിയിരുന്നു. ഒക്ടോബറോടെ പ്രവര്‍ത്തനമാരംഭിക്കുന്ന റിസോര്‍ട്ട് ഫിഫ ലോകകപ്പിനെത്തുന്ന സന്ദര്‍ശകര്‍ക്ക് മറ്റൊരു ആകര്‍ഷക കേന്ദ്രം കൂടിയായി മാറും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രാര്‍ത്ഥനക്കെത്തിയത് ആയിരങ്ങള്‍; മഹാപണ്ഡിതന് അന്ത്യയാത്ര

പച്ചപ്പിലേക്ക് ക്ഷണിച്ച് സഫാരി; ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന് തുടക്കമായി