in

ഇന്ത്യന്‍ എംബസിയുടെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി

മഹാത്മാഗാന്ധിയുടെ 151-ാം ജന്‍മവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എംബസിയില്‍ ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍

ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഹാത്മാഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികവും അന്താരാഷ്ട്ര അഹിംസാ ദിനവും ആദരവോടെ ആചരിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡികളുടെ മേധാവികളും എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
എംബസി പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങളുടെ ഭജന്‍ ആലാപനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചുമുള്ള തന്റെ ചിന്തകള്‍ അംബാസഡര്‍ പങ്കുവെച്ചു. ആഗോള മഹാമാരി ഉള്‍പ്പടെ സമകാലിക ലോകത്തില്‍ ഗാന്ധിയന്‍ തത്വങ്ങളുടെയും ആശയങ്ങളുടെയും പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ സഹ ഇന്ത്യാക്കാരെ പിന്തുണക്കാന്‍ ഇന്ത്യന്‍ സമൂഹം നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗാന്ധിജിയുടെ ഉദ്ധരണികളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രദര്‍ശനം, വൈഷ്ണവോ ജനതെയുടെ ആഗോള അവതരണം എന്നിവയോടെയാണ് പരിപാടി സമാപിച്ചത്.
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) പെയിന്റിങ്, പ്രഭാഷണ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 204 പേര്‍ പെയിന്റിങിലും 30 പേര്‍ പ്രഭാഷണ മത്സരത്തിലും പങ്കെടുത്തു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു മത്സരം. കഴിഞ്ഞദിവസം സംഘടിപ്പിച്ച സൂം യോഗത്തില്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു. പെയിന്റിങ് മത്സരത്തില്‍ പുണ്യ പ്രമോദ്, ഗുരുപ്രസാദ് ബെക്കല്‍ കുദ്രെക്കോട്, വീണ മഹേഷ് എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. സജ്ഞീന ബാനര്‍ജി, പാലക് ബന്‍സാല്‍, അബ്ദുല്‍ ഹിസാബ് മുഹമ്മദ്, അനും മന്‍സൂര്‍, കോട്ട്‌ല കനിഷ്‌ക്, ജോയല്‍ ഇഷ്വാനി എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
പ്രസംഗ മത്സരത്തില്‍ തനിഷ ജ്ഞാനശേഖരന്‍, ഹഫ്‌സ അന്‍ജും അല്ലാഹ്ബക്ഷ, ലാവണ്യ കൊടപ്പുള്ളി ബൈജു എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. തൃപ്തി ജെയിന്‍, അബ്ദുല്ല പൊലിയില്‍ അഹമ്മദ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കുഷ് പര്‍സേഖറിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മഹാത്മാഗാന്ധിയുടെ 151-ാം ജന്‍മവാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ മിക്ക സ്‌കൂളുകളും ഓണ്‍ലൈനിലൂടെയാണ് പരിപാടികള്‍ ക്രമീകരിച്ചത്.
എന്റെ ജീവിതം എന്റെ സന്ദേശം എന്ന പ്രമേയത്തിലായിരുന്നു ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ പരിപാടികള്‍. ഓണ്‍ലൈന്‍ മുഖേന നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയീദ് ഷൗക്കത്ത് അലി, എച്ച്ആര്‍ മാനേജര്‍ സറീന അലി, വൈസ് പ്രിന്‍സിപ്പല്‍ അസം ഖാന്‍, ശോഭന മേനോന്‍, ഹെഡ്മിസ്ട്രസ് ഡോ. നസീമ ബി, ഷേര്‍ലി ഡി സാലെസ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ഖദീജ, ശൈഖ് ഷമീം തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹുക്കൂമി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ
എണ്ണത്തില്‍ വര്‍ധന

സാങ്കേതികവിദ്യ എല്ലാത്തിനും പരിഹാരമല്ല: ശൈഖ ഹിന്ദ്‌