
ദോഹ: മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഐസിസിയില്‍ പെയിന്റിങ് പ്രദര്‍ശനം സംഘടിപ്പിച്ചു. അശോക ഹാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ചിത്രം, ഗാന്ധിജിയുടെ പ്രവര്‍ത്തനം, ആശയം, സ്വപ്നം എന്നിവയായിരുന്നു പെയിന്റിങിന്റെ പ്രമേയം. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിസി കോര്‍ഡിനേറ്റിങ് ഓഫീസറുമായ എസ്. സേവ്യര്‍ ധനരാജ്, ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദി എന്നിവരും ഐസിസി, ഐസിബിഎഫ്, ഐബിപിസി, ഐഎസ്സി പ്രസിഡന്റുമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഐസിസിയിലെ കലാകാരന്മാര് ‘വൈഷ്ണവ ജന തോ’ എന്ന ഭക്തിഗാനം അവതരിപ്പിച്ചു. തുടര്‍ന്ന് മഹാത്മാഗാന്ധി ജനപ്രിയമാക്കിയ ‘രഘുപതി രാഘവരാജറാം’ എന്ന ശ്രദ്ധേയമായ ഭക്തിഗാനത്തെ ആസ്പദമാക്കി ക്ലാസിക്കല്‍ നൃത്താവതരണവും അരങ്ങേറി. പെയിന്റിങ്, പ്രഭാഷണ മത്സരത്തിലെ വിജയികളെ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അനുമോദിച്ചു. അല്‍ഖോര്‍ മേഖലയിലെ അര്‍ഹരായ മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഐസിബിഎഫ് സംഭാവന ചെയ്ത 150 ഹെല്‍ത്ത് കാര്‍ഡുകളും മറ്റ് സഹായങ്ങളും അംബാസഡറും ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജനും ചേര്‍ന്ന് നല്കി. അര്‍ഹരായ നാലുപേര്‍ക്ക് ഐസിബിഎഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മുഴുവന്‍ പ്രീമിയവും ഐസിസി നല്‍കുമെന്ന് ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന് പറഞ്ഞു. ഐസിസിയുടെ ഉപദേശക സമിതി ചെയര്മാന് കെ എം വര്‍ഗീസ് 20 പ്രീമിയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐസിസി ജനറല്‍ സെക്രട്ടറി സീനു പിള്ള, ജോയിന്റ് സെക്രട്ടറി അന്ജന് ഗാംഗുലി സംസാരിച്ചു.