in

ഗരന്‍ഗാവോ: മധുരപലാഹരങ്ങളുമായി ബസുകള്‍ കുട്ടികളുടെ വീടുകളിലേക്ക്‌

ഗരന്‍ഗാവോ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് സമ്മാനപ്പൊതി വിതരണം ചെയ്യാന്‍ ബസ് തയാറാക്കിയപ്പോള്‍

ദോഹ:കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വേറിട്ടരീതിയില്‍ ഗരന്‍ഗാവോ ആഘോഷിക്കാനൊരുങ്ങി സാംസ്‌കാരിക കായിക മന്ത്രാലയം. കുട്ടികള്‍ക്കായുള്ള റമദാനിലെ ആഘോഷമാണ് ഗരന്‍ഗാവോ. പരമ്പരാഗത വേഷമണിഞ്ഞാണ് കുട്ടികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ഗരന്‍ഗാവോ ആഘോഷം.
ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി മധുരപലാഹരങ്ങളും സമ്മാനപ്പൊതികളുമായി ബസുകള്‍ കുട്ടികളുടെ വീടുകളിലേക്കെത്തും.

സമ്മാനപ്പൊതിയുടെ രൂപകല്‍പ്പന


സാംസ്‌കാരിക കായിക മന്ത്രാലയമാണ് ഇത്തരമൊരു പരിപാടി തയാറാക്കിയിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സവിശേഷമായ രീതിയിലാണ് ബസുകളുടെ രൂപകല്‍പ്പന. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ ബസുകള്‍ പര്യടനം നടത്തും. കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ പ്രത്യേകമായി തയാറാക്കിയ സമ്മാനപ്പൊതികളില്‍ മധുരപലഹാരങ്ങളും അണ്ടിപ്പരിപ്പും വിതരണം ചെയ്യും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ടാണ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബസുകളില്‍ ഗരന്‍ഗാവോ സമ്മാനപ്പൊതികളുമായി കുട്ടികളുടെ അടുക്കലേക്ക് എത്തുന്നത്. ജനകീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട്, കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തില്‍ സാമൂഹിക ഐക്യം ലക്ഷ്യമിട്ടുള്ള കാമ്പയിന്റെ ഭാഗമായിക്കൂടിയാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ഹൃദയത്തില്‍ സന്തോഷം പകരാന്‍ ലക്ഷ്യമിട്ടാണ് പ്രതീകാത്മകമായി ആഘോഷപരിപാടി സംഘടിപ്പിക്കുന്നതെന്ന് സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ കായികകാര്യ ഡയറക്ടര്‍ ഇസ്സ അല്‍ഹറമി വിശദീകരിച്ചു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ബസ്സുകളെത്തുകയെന്നത്് ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു വലിയ കൂട്ടം കുട്ടികള്‍ക്ക് ഗാരന്‍ഗാവോയുടെ സമ്മാനങ്ങള്‍ ലഭിക്കും. കമ്മ്യൂണിറ്റി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഈ ആഘോഷം നിര്‍ത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് സമ്മാനവിതരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ എല്ലാ റമദാന്‍ പതിന്നാലിനും ഗരന്‍ഗാവോ രാവില്‍ നോമ്പുതുറക്കുന്നതോടെ കുട്ടികള്‍ വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് കഴുത്തില്‍ നിറപ്പകിട്ടുള്ള ഗരന്‍ഗാവോ സഞ്ചികളും തൂക്കി പാട്ടുപാടി വീടുകള്‍ തോറും കയറിയിറങ്ങുന്നതാണ് ആഘോഷരീതി. ഥൗബും തൊപ്പിയും ധരിച്ച് ആണ്‍കുട്ടികളും പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ച് പെണ്‍കുട്ടികളും ആഘോഷത്തില്‍ പങ്കുചേരും. രാത്രിയില്‍ തിളങ്ങുന്ന ഗരന്‍ഗാവോ സഞ്ചികളുമായിട്ടായിരിക്കും കുട്ടികള്‍ വീടുകളിലേക്കെത്തുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അടച്ച ഭാഗങ്ങള്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും

വൈസ് വിദ്യാഭ്യാസ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ രണ്ട് ഇന്ത്യന്‍ പദ്ധതികള്‍