in

ഖത്തറില്‍ നിയന്ത്രണങ്ങളോടെ ഗരന്‍ഗാവോ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

ദോഹ: ഖത്തറില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ അരങ്ങേറി. നിലവിലെ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും കുടുംബ കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ക്കായുള്ള റമദാനിലെ ആഘോഷമാണ് ഗരന്‍ഗാവോ.
പരമ്പരാഗത വേഷമണിഞ്ഞാണ് കുട്ടികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ഗരന്‍ഗാവോ ആഘോഷം. സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി മധുരപലാഹരങ്ങളും സമ്മാനപ്പൊതികളുമായി ബസുകള്‍ കുട്ടികളുടെ വീടുകളിലേക്കെത്തി. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി സവിശേഷമായ രീതിയിലാണ് ബസുകള്‍ രൂപകല്‍പ്പന ചെയ്തത്. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് റമദാനിന്റെ പതിനഞ്ചാം രാവില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ ബസുകള്‍ പര്യടനം നടത്തി. കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ പ്രത്യേകമായി തയാറാക്കിയ സമ്മാനപ്പൊതികളില്‍ മധുരപലഹാരങ്ങളും അണ്ടിപ്പരിപ്പും വിതരണം ചെയ്തു. സാധാരണ എല്ലാ റമദാന്‍ പതിന്നാലിനും ഗരന്‍ഗാവോ രാവില്‍ നോമ്പുതുറക്കുന്നതോടെ കുട്ടികള്‍ വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് കഴുത്തില്‍ നിറപ്പകിട്ടുള്ള ഗരന്‍ഗാവോ സഞ്ചികളും തൂക്കി പാട്ടുപാടി വീടുകള്‍ തോറും കയറിയിറങ്ങുന്നതാണ് ആഘോഷരീതി.
രാത്രിയില്‍ തിളങ്ങുന്ന ഗരന്‍ഗാവോ സഞ്ചികളുമായിട്ടായിരിക്കും കുട്ടികള്‍ വീടുകളിലേക്കെത്തുക. മുതിര്‍ന്നവര്‍ക്ക് ആത്മീയനുഭൂതിയുടെ ദിവ്യരാവുകള്‍ സമ്മാനിക്കുന്ന നോമ്പുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് ആഹ്ലാദിക്കാനുള്ള അവസരമാണ് ഗരന്‍ഗാവോ. വിര്‍ച്വല്‍ രീതിയില്‍ ഗരന്‍ഗാവോ ആഘോഷം സംഘടിപ്പിക്കുമെന്ന് ഖത്തര്‍ മ്യൂസിയംസും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.
വീടുകളിലിരിക്കൂ, സുരക്ഷിതായിരിക്കൂ എന്ന പേരില്‍ തുടക്കംകുറിച്ച കാമ്പയിന്റെ ഭാഗമായി വിര്‍ച്വല്‍ രീതിയില്‍ ഒത്തുചേരുന്നതിനും ഗരന്‍ഗാവോ ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും ഖത്തറിലെ കുടുംബങ്ങളെ ക്ഷണിക്കുകയും ചെയ്തു.
പരമ്പരാഗത ആഘോഷങ്ങളുടെ സമയത്ത് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. വിര്‍ച്വല്‍ രീതിയിലുള്ള ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്. പരമ്പരാഗത ഗരന്‍ഗാവോ വസ്ത്രം ധരിച്ച കുട്ടികളുടെ ഫോട്ടോകള്‍ പങ്കിടാന്‍ ഖത്തര്‍ മ്യൂസിയംസും(ക്യുഎം) എച്ച്എംസിയും ആഹ്വാനം ചെയ്തു.
ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന ഫോട്ടോകള്‍ ക്യുഎമ്മിന്റെയും എച്ച്എംസിയുടെയും ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്യും. കുട്ടികളുടെ ഫോട്ടോകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് നേരിട്ട് സന്ദേശത്തിലൂടെ ഖത്തര്‍ മ്യൂസിയംസിന്റെ @ൂമമേൃാൗലൌാ െഎന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയക്കാം. ഗരന്‍ഗാവോ രാത്രിയില്‍ ആണ്‍കുട്ടികള്‍ സാധാരണയായി ഥൗബും തൊപ്പിയുമാണ് ധരിക്കാറുള്ളത്. പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്നലും ധരിക്കും.കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം, എച്ച്എംസി, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ വിപുലമായ ശ്രമങ്ങളെ പിന്തുണക്കുന്നതാണ് വീടുകളിലിരിക്കൂ, സുരക്ഷിതായിരിക്കൂ എന്ന കാമ്പയിന്‍.
വീട്ടില്‍ തുടരാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള വെര്‍ച്വല്‍ കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികളുടെ മടക്കം; എയര്‍ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തൊഴിലാളികള്‍ക്കായി എന്‍ എച്ച് ആര്‍ സിയുടെ ബോധവത്കരണ കാമ്പയിന്‍