
ഫോട്ടോ: അല്‍അറേബ്യ
അശ്റഫ് തൂണേരി/ദോഹ:
ഫലസ്തീനിലെ ഗസ്സയില്‍ ഇന്ന് (വെള്ളിയാഴ്ച പുലര്‍ച്ചേ 2 മണി) മുതല്‍ പരസ്പര ധാരണയോടേയും നിബന്ധനകളില്ലാതേയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രാഈലിനെ പ്രേരിപ്പിച്ചതില്‍ മുഖ്യഘടകമായി ഖത്തറും. കഴിഞ്ഞ കുറേ ദിനങ്ങളിലായി ഐക്യരാഷ്ട്ര സഭാ തലത്തിലും ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായും മറ്റ് നയതന്ത്ര വൃത്തങ്ങളുമായും നിരന്തര കൂടിയാലോചന നടത്തുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഈജിപ്ത്, ഖത്തര്‍, ഐക്യരാഷ്ട്ര സഭ നേതൃത്വത്തിലുള്ള സംയുക്ത മധ്യസ്ഥ ശ്രമമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്രാ വാര്ത്താഏജന്സികള് വ്യക്തമാക്കി
ഇക്കാര്യം ഖലീജ് ടൈംസ് ഉള്‍പ്പെടെയുള്ള മേഖലയിലെ ദിനപത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പര്സപര ധാരണയോടെ വ്യവസ്ഥകളില്ലാതെ ഇത്തരമൊരു ധാരണയില്‍ ഇസ്രാഈല്‍ മന്ത്രിസഭ എത്തിയതായി ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് സീസി രണ്ട് സുരക്ഷാ പ്രതിനിധി സംഘത്തെ ഇസ്രാഈല്‍, ഫലസ്തീന് മേഖലകളിലേക്ക് പറഞ്ഞയക്കുകയും ശേഷം വെടിനിര്ത്തലിലേക്കെത്തുകയും ചെയ്തുവെന്നാണ് ഈജിപ്ഷ്യന്‍ ടി വി അവകാശപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ശക്തമായി ആവശ്യപ്പെട്ടതും ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. അതിനിടെ ജോബൈഡനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും തമ്മില്‍ ഗസ്സയും ഫലസ്തീനും സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ” പരസ്പരവും ഐക്യകണ്ഠേനയും’ എടുത്ത തീരുമാനമാണിതെന്ന് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഒരു ഹമാസ് പ്രതിനിധി വ്യക്തമാക്കിയതായി റോയിട്ടേഴ്സ് അറിയിച്ചു. മെയ് 10 മുതല്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 232 ഫലസ്തീനികളുടെ ജീവനാണ് നഷ്ടമായത്. ഇവരില്‍ 65 കുട്ടികളാണ്. 1,900 പേര്‍ക്കെങ്കിലും ചുരുങ്ങിയത് പരിക്കേല്‍ക്കുകയുണ്ടായി. 12 ഇസ്രാഈല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്.