റിയാദ് ഉച്ചകോടിയിലെ പ്രധാന അജണ്ട ഉപരോധമാണെന്ന് അല്‍ജസീറ

അശ്റഫ് തൂണേരി/ദോഹ: ഗള്‍ഫ് ഉപരോധത്തിന് പരിഹാരമാവുന്ന സമ്മേളനമായി ജി സി സി ഉച്ചകോടി മാറുമെന്ന വിലയിരുത്തലിന് ബലമേറുന്നു. ഗള്‍ഫ് സഹകരണ സമിതി (ജി സി സി) നാല്‍പ്പത്തിയൊന്നാമത് സെഷന് ജനുവരി അഞ്ചിന് റിയാദിലാണ് ചേരുക. ഇതിനിടെ ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സഊദി രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. സഊദിഅറേബ്യയുടെ രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന്റെ ക്ഷണപത്രം ജി സി സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫാലഹ് അല്‍ഹജ്റഫ് അമീരി ദിവാനിലെത്തിയാണ് കൈമാറിയത്. റിയാദ് ഉച്ചകോടി ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന വേദിയാവുമെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാദ് ഉച്ചകോടിയിലെ പ്രധാന അജണ്ട ഉപരോധമാണെന്ന് കഴിഞ്ഞ ദിവസം അല്‍ജസീറ വ്യക്തമാക്കുകയുണ്ടായി. ഉപരോധം പരിഹരിക്കുന്നതിനുള്ള അന്തിമ ധാരണയായതായും വാര്‍ത്താ ഏജന്‍സികള്‍ കുവൈത്ത് ഡപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് നേരത്തെ തന്നെ വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്്മദ് ബിന്‍ നാസര്‍ അല്‍സബാഹിന്റെ കുവൈത്ത് ടി വിയിലെ വെളിപ്പെടുത്തലും സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്റെ പ്രസ്താവനയും ബി ബി സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തടസ്സവുമില്ലെന്നും പരസ്പര ബഹുമാനത്തോടെയുള്ള രമ്യതയാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. സഊദിഅറേബ്യക്ക് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രാപ്തിയുണ്ടെന്നായിരുന്നു ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്്ദുല്ലത്തീഫ് അല്സയാനിയുടെ ആത്മവിശ്വാസത്തോടെയുള്ള പ്രസ്താവന.
റിയാദ് ഉച്ചകോടിയുടെ മുന്നോടിയായി ഗള്‍ഫ് വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. കുവൈത്തിന്റെ മധ്യസ്ഥതയാണ് പ്രശ്ന പരിഹാരത്തില്‍ മുഖ്യം. കുവൈത്ത് അമീറായിരുന്ന അന്തരിച്ച സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹിന്റെ നിരന്തര ശ്രമം ഏറെ സ്തുത്യര്‍ഹമായിരുന്നു. അമേരിക്കയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. 2017 ജൂണിലാണ് ഗള്‍ഫ് ഉപരോധം തുടങ്ങിയത്.