നാല്‍പ്പത്തിയൊന്നാമത് ഉച്ചകോടി സുല്‍താന്‍ ഖാബൂസ്-ശൈഖ് സബാഹ് ഉച്ചകോടിയെന്നറിയപ്പെടും

ദോഹ: ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധത്തിനും പ്രതിസന്ധിക്കും സമ്പൂര്‍ണമായി പരിഹാരമാകുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുക്കുന്ന സുപ്രധാനമായ അല്‍ഉല ഐക്യദാര്‍ഢ്യ- സുസ്ഥിരതാ കരാറില്‍ ഖത്തര്‍ ഉള്‍പ്പടെ ആറു ഗള്‍ഫ് രാജ്യങ്ങളും ഒപ്പുവെച്ചു. സഊദിയിലെ പൈതൃകനഗരമായ അല്‍ഉലയില്‍ നടന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍വെച്ചാണ് എല്ലാ രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബാഹ്, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ്, ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍ഉല കരാറില്‍ ഒപ്പു വച്ചത്. സുല്‍ത്താന്‍ ഖാബൂസ്- ശൈഖ് സബാഹ് ഉച്ചകോടിയെന്നാണ് ഈ സുപ്രധാനമായ ഉച്ചകോടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അന്തരിച്ച രണ്ടു മഹത്തായ ഗള്‍ഫ് നേതാക്കള്‍- സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂര്‍, ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് എന്നിവരോടുള്ള ബഹുമാനാര്‍ഥമാണ് ഉച്ചകോടിക്ക് ഇങ്ങനെ പേരിട്ടത്. കരാറിന്റെ ഭാഗമായി കഴിഞ്ഞദിവസം ഖത്തറും സഊദി അറേബ്യയും തമ്മില്‍ വ്യോമ, കര, കടല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയിലെത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. 2017 ജൂണ്‍ അഞ്ചു മുതലാണ് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.