in ,

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനമെന്ന റിപ്പോര്‍ട്ട് തള്ളി ജിസിഒ

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റ ആരോപണം തെറ്റ്
സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിച്ചത് 12 പേര്‍ക്ക് മാത്രം, എല്ലാവര്‍ക്കും മികച്ച ചികിത്സ

ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനമെന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റ(എച്ച്ആര്‍ഡബ്ല്യു) ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ). ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതായി ജിസിഒ പ്രസ്താവനയില്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍ഡബ്ല്യു ആരോപണമുയര്‍ത്തിയത്. ജയിലിനുള്ളില്‍ 12 തടവുകാരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒരു കോവിഡ് മരണവുമുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ച 12 പേരെയും ഉടന്‍ തന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴില്‍ കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ പ്രത്യേക സുരക്ഷിത ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എല്ലാവര്‍ക്കും മികച്ച നിലവാരത്തിലുള്ള ചികിത്സയും പരിചരണവുമാണ് ഉറപ്പാക്കിയിരിക്കുന്നത്. ചികിത്സ ഇപ്പോഴും തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് അവരെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കും മാറ്റി. അവിടെ ഏറ്റവും മികച്ച നിലയിലുള്ള ചികിത്സയാണ് ലഭ്യമാക്കിയിരിക്കുന്നത്. രോഗം പൂര്‍ണമായും ഭേദപ്പെട്ട ശേഷമേ തടവുകാരെ തിരികെ ജയിലിലേക്ക് മടക്കിയെത്തിക്കു- ജിസിഒ പ്രസ്താവനയില്‍ വിശദീകരിച്ചു. എച്ച്ആര്‍ഡബ്ല്യു റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമായ കിംവദന്തികളെയും സ്ഥിരീകരിക്കാനാവാത്ത ചെറിയ എണ്ണം അഭിമുഖങ്ങളില്‍ നിന്നുള്ള ഊഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ജിസിഒ പ്രതികരിച്ചു. അസത്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഖത്തറിലെ നിലവിലെ ആരോഗ്യ സുരക്ഷാ നടപടികളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടാണ് നിരുത്തരവാദപരമായി ഇത്തരം വ്യാജ ആരോപണങ്ങള്‍ നടത്തുന്നതെന്നും ജിസിഒ ചൂണ്ടിക്കാട്ടി.

തടവുകാരുടെ സംരക്ഷണത്തിനായി ജയിലില്‍ കര്‍ശന നടപടികള്‍

തടവുകാരെ സംരക്ഷിക്കുന്നതിനും വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുമായി മാര്‍ച്ച് പകുതി മുതല്‍ തന്നെ പൊതുജനാരോഗ്യ സുരക്ഷാ അധികൃതര്‍ കേന്ദ്ര ജയിലില്‍ കര്‍ശന നിയന്ത്രണ നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്. തടവുകാര്‍ പതിവായി ആരോഗ്യപരിശോധനയ്ക്ക് വിധേയരാകുന്നു. കൂടാതെ പുതിയ കേസുകള്‍ നിരീക്ഷിക്കുന്നതിനായി സജീവ പരിശോധനാ പ്രോഗ്രാം നടത്തിവരുന്നു. കോവിഡ് വ്യാപനം തടയാന്‍ എല്ലാ മുന്‍കരുതല്‍ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. എല്ലാ തടവുകാര്‍ക്കും മാസ്‌ക്, കയ്യുറകള്‍ തുടങ്ങിയ പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യൂപ്മെന്റ് (പിപിഇ) വിതരണം ചെയ്തിട്ടുണ്ട്. ജയിലിനുള്ളിലെ വ്യക്തിഗത, പൊതു ഇടങ്ങള്‍ പതിവായി അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

500ലധികം തടവുകാര്‍ക്ക് പൊതുമാപ്പ്, പരിശോധനകള്‍ക്ക് അനുമതി

കൊറോണ വൈറസ്(കോവിഡ്-19) പശ്ചാത്തലത്തില്‍ ജയയിലിലെ തടവുകാരുടെ എണ്ണം ഗണ്യമായി കുറക്കാന്‍ സഹായകരമായ വിധത്തില്‍ 500ലധികം തടവുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ സമിതിയില്‍(എന്‍എച്ച്ആര്‍സി) നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പരിശോധനകള്‍ക്കായി ഖത്തര്‍ ജയിലുകള്‍ പതിവായി തുറന്നു നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള ഒരു പ്രത്യേക റാപ്പോര്‍ട്ടര്‍ ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തര്‍ ജയില്‍ സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ജയിലുകളില്‍ തടവിലാക്കപ്പെട്ട എല്ലാവരെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ബഹുമാനിക്കുന്ന നിലപാടാണ് ഖത്തര്‍ കൈക്കൊള്ളുന്നത്. മഹാമാരിയുടെ തുടക്കം മുതല്‍
ജയിലുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തുല്യ സേവനങ്ങള്‍ നല്‍കിക്കൊണ്ട് എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നതെന്നും ജിസിഒ വ്യക്തമാക്കി. കോവിഡിനെതിരായ ഖത്തറിന്റെ പോരാട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഖത്തറിലാണ്, കേവലം പതിനഞ്ചുപേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങിയത്. 4899 പേര്‍ രോഗമുക്തരായി. സുഖംപ്രാപിക്കുന്നവരുടെ എണ്ണം പ്രതിദിനം 500ലധികമാകുന്നുണ്ട്. വരുംദിവസങ്ങളില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുമെന്നും ജിസിഒ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെയ് 22ന് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ഖത്തറില്‍ 1637 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന