
കോവിഡ് സേവനങ്ങളിലും ജനറേഷന് അമേസിംഗ് സാന്നിധ്യം; സാദിഖിനും സാലിമിനും എസ്. സി അഭിനന്ദനം
അശ്റഫ് തൂണേരി/ദോഹ: ഫുട്ബോളിലൂടെ കേരളത്തിലും ‘ജനറേഷന് അമേസിംഗ്’ സാധ്യമാക്കി ഖത്തര്‍. ഫിഫ ലോക കപ്പ് 2022 സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഫുട്ബോളിലൂടെ സാമൂഹിക വികാസം ലക്ഷ്യമിട്ടുള്ള ‘ജനറേഷന് അമേസിംഗ്’ കര്‍മ്മപദ്ധതി കേരളത്തില്‍ നടപ്പിലാക്കുക വഴി മികച്ച ഫലമുണ്ടായെന്ന് വിലയിരുത്തല്‍. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള 5 ലക്ഷം ആളുകളിലേക്കെത്തിയ പദ്ധതിയാണ് ജനറേഷന് അമേസിംഗ്. ”ഇന്ത്യയില്‍ കേരളത്തില്‍ 5 സ്ഥലങ്ങളിലാണ് ഇത് നടപ്പിലാക്കിയത്. 2 സ്കൂളുകള്‍, 2 ക്ലബ്ബുകളും 1 സ്പെഷല്‍ സ്കൂളിലുമാണ് പരിശീലനം നല്‍കിയത്. കേരളത്തിനു പുറത്ത് ദല്‍ഹി ഉള്‍പ്പെടെ മറ്റ് മൂന്നിടങ്ങളിലും പദ്ധതിയുടെ പ്രായോജകരുണ്ടായി.” -ജനറേഷന് അമേസിംഗ് വളണ്ടിയറിംഗില്‍ അഡ്വക്കേറ്റ് പദവി വഹിക്കുന്ന സി പി സാദിഖ് റഹ്മാന് ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ബ്രസീല്‍, ഹെയ്തി, ഇന്ത്യ, ജോര്‍ദ്ദാന്‍, ലെബനാന്, നേപ്പാള്‍, ഒമാന്‍, പാക്കിസ്ഥാന്, ഫിലിപ്പീന്സ്്, റഷ്യ, റുവാണ്ട, സിറിയ, യു കെ തുടങ്ങി ലോക രാജ്യങ്ങളിലെ 28 വിഭാഗങ്ങളിലൂടെ അഞ്ചു ലക്ഷം പേരിലേക്ക് ഇതിന്റെ ഗുണഫലമെത്തി. 30 ഫുട്ബോള്‍ പിച്ചുകളും രണ്ട് കമ്മ്യൂണിറ്റി സെന്ററുകളുമുള്‍പ്പെടെ സാമൂഹിക വികാസത്തെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുകയുണ്ടായി.
അതിനിടെ ജനറേഷന് അമേസിംഗ് പദ്ധതിയിലെ വളണ്ടിയറായ കോഴിക്കോട്, മുക്കം, നെല്ലിക്കാപ്പറമ്പ് സ്വദേശിയായ സി പി സാദിഖ് റഹ്മാനേയും കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച നെല്ലിക്കാപ്പറമ്പ്, ഗോതമ്പ് റോഡ് സ്വദേശിയായ സാലിം പുതിയോട്ടിലി (സാലിം ജി.റോഡ്) നേയും അഭിനന്ദിച്ച് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. https://www.qatar2022.qa/en/news/generation-amazing-advocates-support-covid-19-relief-efforts-in-india കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ആംബുലന്‍സ് സേവനമുള്‍പ്പെടെ നല്‍കാനും മറ്റു സേവനങ്ങള്‍ പ്രവര്‍ത്തനങ്ങളും പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിപ്പ് പ്രവര്‍ത്തിക്കുകയായിരുന്നു ഈ സന്നദ്ധപ്രവര്‍ത്തകര്‍. ”ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയില്‍പെട്ടവര്‍ക്ക് സഹായവുമായി രംഗത്തുള്ള ഇവര്‍ കേരളത്തില്‍ അടുത്തിടെയുണ്ടായ വെള്ളിപ്പൊക്കത്തില് പ്രാദേശിക ക്ലബ്ബുകളെ സഹകരിപ്പിച്ച് സുപ്രീം കമ്മിറ്റിയുടെ പിന്തുണയോടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.”-സുപ്രീം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഖത്തര്‍ ലോക കപ്പ് 2022 സംഘാടക സമിതിയുടെ ‘ജനറേഷന് അമേസിംഗ്’ സന്നദ്ധസേവകനായ സാദിഖിനൊപ്പം ജനങ്ങള്‍ സന്നിഗ്ദ്ധ ഘട്ടത്തിലുള്ളപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് സാലിം പറഞ്ഞതായി സുപ്രീം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

കേരളത്തില്‍ 5 വീടുകള്‍, സ്പെഷല്‍ സ്കൂളില്‍ സാന്നിധ്യം
ജനറേഷന് അമേസിംഗ് പദ്ധതി മുഖേന കേരളത്തില്‍ പല തരം ഇടപെടലുകള്‍ നടത്താനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സാദിഖ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളപ്പൊക്കമുണ്ടായ സന്ദര്‍ഭത്തില്‍ 22 ലക്ഷം രൂപ ചെലവില്‍ വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളുമായും നാട്ടുകാരുമായും സഹകരിച്ച് 5 വീടുകള്‍ വെച്ചുകൊടുക്കാനവസരമുണ്ടായി. സുപ്രീം കമ്മിറ്റി ഇതിനായി മുഖ്യസാമ്പത്തിക പങ്കാളിത്തം വഹിച്ചു. സെപെഷ്യല്‍ സ്കൂളിലുള്‍പ്പെടെ ഫുട്ബോള്‍ ഫോര്‍ ഡവലപ്മെന്റ് സന്ദേശമുയര്‍ത്തിയുള്ള പരിപാടി 5 കേന്ദ്രങ്ങളില്‍ നടത്തി. ഇതിനായി ഖത്തറില്‍ നിന്ന് ഫുട്ബോളുകളും പരിശീലന ഉപകരണങ്ങളും നല്കി. സുപ്രീം കമ്മിറ്റിയുടെ കോച്ചായ ഹമദ് അബ്്ദുല്‍അസീസ് കേരളത്തില്‍ വന്നു പരിശീലനത്തിന് തുടക്കമിടാന്‍ നേതൃത്വം നല്കി. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളില്‍ ഫുട്ബോള്‍ കളിയിലൂടെയുണ്ടാക്കിയ ആശയവിനിമയം വിപ്ലവകരമായ മാറ്റവും ഊര്‍ജ്ജവുമാണ് സമ്മാനിച്ചതെന്ന് സാദിഖ് വ്യക്തമാക്കി. മുക്കം, പന്നിക്കോട് കേന്ദ്രമായ ലൗ ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനമായിരുന്നു ഇത് നടപ്പിലാക്കിയ സ്പെഷല്‍ സ്കൂള്‍. ”ലൗ ഷോര്‍ സ്കൂളിലെ കുട്ടികള്‍ക്ക് നല്കിയ പരിശീലനം അവരെ സംബന്ധിച്ച് ഏറെ ആകര്‍ഷകമായിരുന്നു. ഇവരുടെ രക്ഷിതാക്കളാകട്ടെ ഏറെ പ്രയാസം പേറുന്നവരാണ്. കുട്ടികള്‍ക്ക് ഖത്തറില്‍ നിന്ന് ഫുട്ബോളും ജഴ്സിയുമെല്ലാം കൊണ്ടുവന്ന് നല്കിയ പരിശീലനം അവരുടെ വ്യക്തിവികാസത്തിന് മാത്രമല്ല കുടുംബത്തിനും മാനസികമായ ആശ്വാസം നല്കിയ കാര്യമാണ്. കുട്ടികളുടെ ശ്രദ്ധ ഫുട്ബോളിലും മറ്റുമാവുന്നതില് രക്ഷിതാക്കള്‍ ഏറെ തത്പരരാണ്.” സ്കൂളില്‍ നടന്ന ജനറേഷന് അമേസിംഗ് പരിപാടിയുടെ അവതാരകനും സന്നദ്ധസാമൂഹിക പ്രവര്‍ത്തകനുമായ മജീദ് അല്‍ഹിന്ദ് ‘ചന്ദ്രിക’ യോട് പറഞ്ഞു.

ജനറേഷന് അമേസിംഗിലൂടെ ഫുട്ബോള്‍ ഫോര്‍ ഡെവലപ്മെന്റ്
എങ്ങിനെയാണ് ഫുട്ബോള്‍ സാമൂഹിക വികാസത്തിന് പ്രാപ്തമാക്കുകയെന്ന പ്രായോഗിക രൂപമാണ് ജനറേഷന് അമേസിംഗിലൂടെ നടപ്പില്‍ വരുത്തിയത്. കമ്മ്യൂണിക്കേഷന്‍ സ്കില്‍, ധൈര്യം, സാമൂഹികമായ പെരുമാറ്റം എല്ലാം കളിയിലൂടെയും അനുബന്ധ വ്യായാമങ്ങളിലൂടേയും എങ്ങിനെ ശീലിക്കാം എന്നതാണിത്. സൗഹൃദപരമായി എങ്ങിനെ എതിരെയുള്ള കളിക്കാരനെ കാണാം, ഇടപെടാം, പാലിക്കേണ്ട മര്യാദകളും മറ്റുമെന്താണ്… ഇതെല്ലാം ജീവിതത്തിലും നാം പാലിക്കേണ്ടതാണെന്ന സന്ദേശം കൂടി ഇതിലടങ്ങുന്നു.
എങ്ങിനെയാണ് ഒരു സെഷന്
ജനറേഷന് അമേസിംഗിന്റെ ഒരു സെഷന് 20 പേര് പ്രതിനിധികളായി വരികയാണെങ്കില്‍ 5 കോച്ചുമാര്‍ ഉണ്ടാവും. 10 പേര് അടങ്ങുന്ന 2 ടീം ആക്കി മാറ്റും. കമ്മ്യൂണിക്കേഷനാണ് വിഷയമെങ്കില്‍ ഒരു ടീമിന് രണ്ടു ബോള്‍ കൊടുക്കും. ആദ്യം ഫുട്ബോളുമായി ഓടാനും നടക്കാനും പറയും. പിന്നീട് ബോള്‍ പാസ് ചെയ്യാന്‍ പറയും. ആരും ഒന്നും മിണ്ടാതെയാണ് ചെയ്യുക. സ്റ്റോപ് ചെയ്യും. പിന്നീട് അടുത്തയാളുകളുടെ പേര് പഠിക്കാന്‍ പറയും. വീണ്ടും പാസ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ പേര് പറഞ്ഞ് ചെയ്യാന്‍ പറയും. പേര് പറഞ്ഞുള്ള പാസും ഒന്നും പറയാതെയുള്ള പാസും തമ്മിലുള്ള വ്യത്യാസവും കമ്മ്യൂണിക്കേഷനും തിരിച്ചറിയും. പാസിലൂടെ കമ്മ്യൂണിക്കേഷന്‍ ഡവലപ് ചെയ്യും. പല തരം സ്കില്‍സ് പഠിപ്പിക്കുന്നതിന് ഫുട്ബോള്‍ അനുബന്ധമായ വ്യായമങ്ങളുമുണ്ടാവും. നേതൃപാടവത്തിനുള്ള വ്യായാമ മുറകളുണ്ടാവും. ഇടക്ക് കണ്ണു കെട്ടി ഫുട്ബോള്‍ കളിക്കാന്‍ പറയും. കണ്ണ് കാണാത്ത ആളുടെ പ്രയാസം മനസ്സിലാക്കാന്‍ ഉപകരിക്കും. ഒരു കാലു കൊണ്ട് മാത്രം കളിപ്പിക്കും. ഭിന്നശേഷിക്കാരുടെ പ്രയാസം തിരിച്ചറിയാനാണിത്. ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ കാല് തട്ടിയുള്ള പ്രശ്നങ്ങള്‍ എങ്ങിനെ സൈക്കോളജിക്കലി മാനേജ് ചെയ്യണമെന്ന് കളിയിലൂടെ പഠിപ്പിക്കും. മറ്റൊരാളുടെ കാല് കൊണ്ട് തട്ടിത്തടഞ്ഞു വീഴുമ്പോള്‍ സംഭവിക്കുന്ന അനന്തരഫലങ്ങള്‍ മന:ശാസ്ത്രപരമായി സമീപിക്കാന്‍ പഠിപ്പിക്കുന്നതുള്പ്പെടെ ജീവിതവുമായി ചേര്‍ത്തുവെച്ച് പല തരം സന്ദേശം കൈമാറുക കൂടിയാണ് ഫുട്ബോള്‍ ഫോര്‍ ഡെവലപ്മെന്റ്. ഒരു സെഷന് 1 മണിക്കുറായിരിക്കും. അരമണിക്കൂര്‍ വ്യായാമം. അര മണിക്കൂര്‍ കളി. ആര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഇതില്‍ പങ്കാളികളാകാമായിരുന്നു. ഫുട്ബോള്‍ അറിയണമെന്നു പോലുമുണ്ടായിരുന്നില്ല. താത്പര്യം മാത്രം മതി- സാദിഖ് പറയുന്നു.
റഷ്യന്‍ ലോക കപ്പില്‍ പങ്കെടുത്ത ്അമേസിംഗ്’ താരം

2016 മുതല്‍ സുപ്രീം കമ്മിറ്റിയുടെ വളണ്ടിയറായി പ്രവര്‍ത്തിക്കുകയാണ് റാസ്ഗ്യാസില്‍ സേഫ്റ്റി ട്രെയിനറായിരുന്ന സാദിഖ് റഹ്മാന്. ജനറേഷന് അമേസിംഗ് ഭാഗമായി യഥാര്‍ത്ഥ നേതൃപാടവവും ഫുട്ബോളിലൂടെ ലോകത്തിന് നല്കാവുന്ന കായികേതര സന്ദേശമേതാണെന്നും മനസ്സിലായതില്‍ ഖത്തറിനോടും സുപ്രീം കമ്മിറ്റിയോടും കടപ്പാടുണ്ടെന്നും റഷ്യന്‍ ലോകകപ്പില്‍ വരെ പങ്കെടുക്കാനായതില്‍ അഭിമാനിക്കുന്നതായും സാദിഖ് വ്യക്തമാക്കി.
2016-ല്‍ അല്‍ഖോറില്‍ ബര്‍വ സ്പോര്‍ട്സ് കോംപ്ലക്സിലാണ് ജനറേഷന് അമേസിംഗ് പരിപാടിയുടെ ഭാഗമാവുന്നത്. പൈലറ്റ് പരിപാടിയായിട്ടായിരുന്നു തുടക്കം. തുടക്കത്തില്‍ പ്രതിനിധി മാത്രമായിരുന്നു. പിന്നീട് പരിശീലനത്തിലൂടെ കോച്ച് ആയി മാറി. തുടക്കത്തില്‍ വിവിധ കമ്പനികളിലെ 20 പോരാണ് ക്ലബ്ബ് അംഗങ്ങളായിരുന്നതെങ്കില് അത് ഒരോ വര്‍ഷവും മുന്നൂറോളം പേരായി ഉയര്‍ന്നു. ആശയവിനിമയത്തില്‍ പുതിയ രീതിയിലുള്ള കമ്മ്യൂണിക്കേഷന്‍ സ്കില്‍ ഉണ്ടായി. നേതൃ രംഗത്ത് ഏറെ മുന്നോട്ടുപോയി. സുപ്രീം കമ്മിറ്റി നല്കുന്ന സഹകരണം വിലമതിക്കാനാവാത്തതാണ്. റഷ്യന്‍ ലോക കപ്പ് കാണാന്‍ സാദിഖിനു പുറമെ മലയാളിയായ നാജിഹ് കാരങ്ങാടനുമുള്പ്പെടെ ജനറേഷന് അമേസിംഗില് ഒപ്പമുണ്ടായിരുന്ന 8 പേര്‍ക്ക് അവസരമുണ്ടായി. കൂടാതെ അംബാസിഡേര്‍സ്, അഡ്വക്കേറ്റ്സ് ഉള്‍പ്പെടെ പരിശീലന പരിപാടികളില്‍ സംബന്ധിച്ചു.
നെല്ലിക്കാപ്പറമ്പ് ചാത്തപ്പറമ്പില്‍ അഹ്മദിന്റേയും യു ടി ഉമ്മയ്യയുടേയും മകനായ സാദിഖ് ഭാര്യ വഫ, മക്കളായ സഫ്വ, സജ്വ, മുഹമ്മദ് എന്നിവരോടൊപ്പമായിരുന്നു ദോഹയില്‍ താമസം. ഇപ്പോള്‍ നാട്ടിലാണെങ്കിലും ഫിഫ അറബ് കപ്പ് ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമാവാന്‍ ഖത്തറിലേക്ക് വരാനിരിക്കുകയാണ് ഈ ‘അമേസിംഗ്’ താരം.