in

കത്താറ അറബിക് നോവല്‍: ഗാലിബ് തുമ ഫര്‍മാന്‍ പേഴ്‌സണ്‍
ഓഫ് ദി ഇയര്‍

ഗാലിബ് തുമ ഫര്‍മാന്‍

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ആറാമത് അറബിക് നോവല്‍ പുരസ്‌കാരത്തോടനുബന്ധിച്ചുള്ള പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ഇറാഖി നോവലിസ്റ്റ് ഗാലിബ് തുമ ഫര്‍മാന്. അറബിക് നോവലിനായുള്ള കത്താറ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഒക്ടോബര്‍ പതിമൂന്നിന് പുരസ്‌കാരദാനചടങ്ങ് നടക്കും. അറബ് സാഹിത്യത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച അറബ് സാഹിത്യകാരന്‍മാര്‍ക്കാണ് ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. ഗാലിബ് ഫര്‍മാന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ രേഖപ്പെടുത്തുന്ന ഒരു ഫോട്ടോ എക്‌സിബിഷന്‍, അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സിമ്പോസിയം, പുസ്തകപരിചയം, ഡോക്യുമെന്ററി ഫിലിം എന്നിവയുള്‍പ്പെടെ നിരവധി സംഭവങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇദ്ദേഹത്തെ കത്താറ ആദരിക്കും. 1927ല്‍ ബാഗ്ദാദില്‍ ജനിച്ച ഫര്‍മാന്‍ ഇറാഖിലെ ഏറ്റവും വിഖ്യാതനായ എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഇറാഖി സാഹിത്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹം ഇറാഖിന്റെ പുറത്തായിരുന്നപ്പോഴാണ് എല്ലാ നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടത്. മോസ്‌കോയില്‍വെച്ച് 1990ലായിരുന്നു മരണം. ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നാഗ്വിബ് മഹ്ഫൂസ്, സുഡാനീസ് എഴുത്തുകാരന്‍ തായെബ് സാലിഹ്, ഫലസ്തീനിയന്‍ നോവലിസ്റ്റും ആക്ടിവിസ്റ്റുമായ ഗസാന്‍ കനഫാനി, ടുണീഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ മഹ്മൂദ് അല്‍മസാദി എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കള്‍.
ആറാമത്് അറബിക് നോവല്‍ പുരസ്‌കാരത്തിനായി ലഭിച്ചത് 2,220 അപേക്ഷകള്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20ശതമാനമാണ് വര്‍ധന. വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 21 വിജയികള്‍ക്കായി 6.35 ലക്ഷം ഡോളറാണ് ഇത്തവണ സമ്മാനത്തുക. പ്രസിദ്ധീകരിച്ച 930 നോവലുകളും പ്രസിദ്ധീകരിക്കാത്ത 1005 നോവലുകളും യുവ എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത 195 നോവലുകളും സാഹിത്യനിരൂപണം, ഗവേഷണം, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കാത്ത 75 പഠനങ്ങളും പ്രസിദ്ധീകരിച്ച15 ഖത്തരി നോവലുകളുമാണ് പുരസ്‌കാരത്തിനായി ലഭിച്ചത്. അപേക്ഷകരില്‍ 1668 പേര്‍ പുരുഷന്‍മാരും 552 പേര്‍ വനിതകളുമായിരുന്നു. പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും മികച്ച അഞ്ചു സൃഷ്ടികള്‍ക്ക് 60,000ഡോളര്‍ വീതം സമ്മാനത്തുക ലഭിക്കും, ഈ വിഭാഗത്തില്‍ ആകെ സമ്മാനത്തുക മൂന്നു ലക്ഷം ഡോളര്‍. പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തിന് 30,000ഡോളര്‍ വീതം സമ്മാനം ലഭിക്കും, ആകെ സമ്മാനത്തുക ഒന്നരലക്ഷം ഡോളര്‍. സാഹിത്യനിരൂപണം, ഗവേഷണം, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ചു പഠനങ്ങള്‍ക്ക് 15000 ഡോളര്‍ വീതമാണ് സമ്മാനം, ആകെ 75,000 ഡോളര്‍. പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ച് യുവ നോവലുകള്‍ക്ക്(യങ് അഡള്‍ട്ട് നോവല്‍) 10,000 ഡോളര്‍ വീതം ലഭിക്കും, ആകെ തുക 50,000 ഡോളര്‍. പുരസ്‌കാരത്തിനര്‍ഹമാകുന്ന ഒരു ഖത്തരി നോവലിസ്റ്റിന് 60,000 ഡോളറാണ് സമ്മാനത്തുക. കത്താറ അറബ് നോവല്‍ പ്രൈസില്‍ ആകെ 21 സൃഷ്ടികള്‍ക്ക് പുരസ്‌കാരം ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിംഗിന് മുമ്പ് യാത്രാ പദ്ധതി ഉറപ്പാക്കണം

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി