
ശൈഖ മൗസയുടെ മേഖലയിലേയും അന്താരാഷ്ട്രാ തലത്തിലേയും ഇടപെടല്‍ ഏറെ ശ്രദ്ധേയം
അശ്‌റഫ് തൂണേരി/ദോഹ:
വനിതകളുടെ സാമൂഹിക മുന്നേറ്റത്തില്‍ വന്‍പുരോഗതി രേഖപ്പെടുത്തിയ രാഷ്ട്രമാണ് ഖത്തറെന്നും അഭിനന്ദനാര്‍ഹമായ നീക്കമാണിതെന്നും ഐക്യരാഷ്ട്ര സഭയിലെ ഉന്നതാധികാരികളും ഓസ്ട്രിയ ഉള്‍പ്പെടെ രാഷ്ട്രങ്ങളിലെ നേതാക്കളും. വനിതാ ശാക്തീകരണത്തിന് ലാറ്റിന്‍ അമേരിക്കയിലെ വനിതാ നീതി നിയമ സംവിധാനങ്ങളെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയെ മുന്‍നിര്‍ത്തിയുള്ള പ്രഥമ ആഗോള പരിപാടിയിലാണ് ഇത്തരമൊരു പ്രശംസ ലഭിച്ചതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ യു.എന്‍.ഒ.ഡി.സിയും (യൂണൈറ്റഡ് നാഷണന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം) ബാങ്കിമൂണ്‍ സെന്റര്‍ഫോര്‍ ഗ്ലോബല്‍ സിറ്റിസണും സംയുക്തമായി നടത്തിയ വുമണ്‍സ് എംപവര്‍മെന്റ് പ്രോഗ്രാം ആയിരുന്നു പരിപാടി. വിവിധ മേഖലകളില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചും പങ്കാളിത്തമുണ്ടാക്കിയും ഖത്തര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക നീതിയും നിയമവും പ്രാബല്യത്തില്‍ വരുത്താനുള്ള ഏതൊക്കെ തരത്തിലാണ് വനിതകളെ പങ്കാളികളാക്കേണ്ടതെന്ന് ഖത്തര്‍ കൃത്യമായി തെളിയിച്ചിട്ടുണ്ടെന്നും ഖത്തറില്‍ വനിതാ ശാക്തീകരണം ഉണ്ടാക്കിയ മാറ്റം ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഓസ്ട്രിയന്‍ നിയമമന്ത്രി ഡോ.അല്‍മ സാഡിക്, ക്യൂബന്‍ അംബാസിഡറും ഐക്യരാഷ്ടസഭയുടെ ക്യൂബന്‍ പ്രതിനിധിയുമായ ലോയിപ സാന്‍ഷെ ലോറെന്‍സ് എന്നിവര്‍ പറഞ്ഞു. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വനിതാ പങ്കാളിത്തത്തിലൂടെ ഖത്തര്‍ ചെയ്യുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ മേഖലകളില്‍ അവരുടെ ഇടപെടലും സാന്നിധ്യവും ഉറപ്പിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ ദേശീയ വികസന നയം 2030 സുരക്ഷിതവും സ്ഥായിയാതുമായ സാമൂഹികാന്തരീക്ഷം തുല്യനീതിയിലൂടേയും സാമൂഹിക സന്തുലിതാവസ്ഥയിലൂടേയും സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഖത്തറിലെ തീരുമാനമെടുക്കുന്ന പല ഉന്നത സമിതികളുടേയും ഭാഗമാണ് വനിതകള്‍. രാഷ്ട്രീയപരവും സാമ്പത്തികവുമായ മേഖലകളില്‍ തീരുമാനങ്ങളില്‍ നേതൃപരമായ പങ്കാണ് വനിതകള്‍ നിര്‍വ്വവഹിക്കുന്നത്. സ്ത്രീ ശാക്തീകരണം വേഗത്തിലും എളുപ്പത്തിലും ഇത് സാധ്യമാക്കുന്നുവെന്ന് ക്യൂബന്‍ അംബാസിഡറും ഐക്യരാഷ്ടസഭയുടെ ക്യൂബന്‍ പ്രതിനിധിയുമായ ലോയിപ സാന്‍ഷെ ലോറെന്‍സ് വ്യക്തമാക്കി. ഖത്തറിലെ വനിതാ മുന്നേറ്റത്തിനും അവകാശ പോരാട്ടത്തിനും മുന്‍പന്തിയില്‍ നിന്ന ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ നാസറിന്റെ മേഖലയിലേയും അന്താരാഷ്ട്രാ തലത്തിലേയും ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും വിദ്യാഭ്യാസ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റമാണ് അവര്‍കൊണ്ടുവന്നതെന്നും ലോറെന്‍സ് എടുത്തുപറഞ്ഞു.
ആഗോള തലത്തില്‍ യുവ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ പരിപാടികളിലൂടെ നീതി ലഭിക്കാനുള്ള സ്ത്രീകളുടെ പോരാട്ടവും ശക്തമാക്കാന്‍ നാം ആലോചിക്കുമ്പോള്‍ ഖത്തറിന്റെ സംഭാവന തീര്‍ച്ചയായും ഏറെ സ്തുത്യര്‍ഹമാണെന്ന് മുന്‍ ആസ്‌ട്രേലിയന്‍ പ്രസിഡന്റും ബാങ്കിമൂണ്‍ സെന്റര്‍ഫോര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഉപാധ്യക്ഷനുമായ ഹെയിന്‍സ് ഫിഷര്‍ പറഞ്ഞു.
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ പ്രേരണയും പ്രചോദനവും നല്‍കിയ ഖത്തറിന് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായി യൂണൈറ്റഡ് നാഷണന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം ഡയരക്ടര്‍ ഡോ.ഗാഥ വാലി പറഞ്ഞു. കുറ്റകൃത്യം തടയാന്‍ വനിതകളുടെ പിന്തുണയോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത ദോഹ പ്രഖ്യാപനത്തിന്റെ പ്രായോഗിക നീക്കം കൂടിയാണിതെന്നും ഗാഥ അറിയിച്ചു.