in

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ

ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ വേദിയായ ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ഗോള്‍മഴ. ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ പുതിയ സീസണില്‍ വ്യാഴാഴ്ച വൈകുന്നേരം 6.15ന് നടന്ന മത്സരത്തില്‍ അല്‍സദ്ദ് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് അല്‍കര്‍ത്തിയാത്തിനെ തകര്‍ത്തു.
ജൂണില്‍ അമീര്‍ സ്‌റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചശേഷം കഴിഞ്ഞ ദിവസമായിരുന്നു ആദ്യ മത്സരം സ്റ്റേഡിയത്തില്‍ നടന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ആദരിച്ചുകൊണ്ടായിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.
അത്യാധുനിക സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയത്. ലോകനിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ പക്ഷെ ആദ്യ മത്സരത്തിന് പരിമിതമായ എണ്ണം കാഴ്ചക്കാര്‍ മാത്രമാണുണ്ടായിരുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചിരുന്നു.
സ്റ്റാര്‍സ് ലീഗില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരായ സദ്ദ് സെക്കന്റ് ലീഗ് ഡിവിഷനില്‍നിന്നും സ്ഥാനക്കയറ്റം കി്ട്ടിയ കര്‍ത്തിയാത്തിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 27, 60 മിനുട്ടുകളില്‍ സാന്റി കസോര്‍ല, 55-ാം മിനുട്ടില്‍ ബാഗ്ദാദ് ബൗനജ, 71-ാം മിനുട്ടില്‍ മുഹമ്മദ് സലാമിന്റെ സെല്‍ഫ്‌ഗോള്‍, 84-ാം മിനുട്ടില്‍ അക്രം അഫീഫ് എന്നിവരാണ് സദ്ദിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 64-ാം മിനുട്ടില്‍ റാഷിദ് തിബര്‍കനൈനാണ് കര്‍ത്തിയാത്തിന്റെ ആശ്വാസഗോള്‍ നേടിയത്.
ഖത്തര്‍ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന 40,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിന് മരുഭൂമിയിലെ വജ്രം എന്നാണ് വിശേഷണം. ആഗോള സുസ്ഥിരതാ വിലയിരുത്തല്‍ സംവിധാനത്തിന് കീഴില്‍ പഞ്ചനക്ഷത്ര സുസ്ഥിരതാ റേറ്റിങ് നേടുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയമാണ്.
ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ മുഖേന ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് എജ്യൂക്കേഷന്‍ സ്‌റ്റേഡിയത്തിലെത്താനാകും. മെട്രോയുടെ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഷനില്‍ നിന്നും കേവലം 500 മീറ്റര്‍ അകലെ മാത്രമാണ് സ്‌റ്റേഡിയം.
മെട്രോയുടെ സിംഗിള്‍ ടിക്കറ്റിന് മൂന്നു റിയാലും ഡേ പാസിന് ഒന്‍പത് റിയാലുമാണ് നിരക്ക്. ഊൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്‌ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ രൂപഘടന.
ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ഇന്നലെ രണ്ടു മത്സരങ്ങള്‍ കൂടി നടന്നു. അല്‍ഗരാഫ സ്റ്റേഡിയത്തില്‍ നടന്ന റയ്യാന്‍- സെയ്‌ലിയ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായി. 28-ാം മിനുട്ടില്‍ മുഹനദ് അലിയിലൂടെ സെയ്‌ലിയയാണ് ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്. 52-ാം മിനുട്ടില്‍ ഡെയിം തരോര്‍ തിരിച്ചടിച്ചു. ഇതേസ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ അല്‍ഗരാഫ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തോല്‍പ്പിച്ചു. ഏഴാം മിനുട്ടില്‍ അഹമ്മദ് അലാവുദ്ദീനും 52-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ സോഫിയാനി ഹന്നിയുമാണ് ഗരാഫയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 സെപ്തംബര്‍ 4) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും