in

സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ കൊറിയര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി പരാതി

ദോഹ: സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ കൊറിയര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി  റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് കസ്റ്റംസും കൊറിയര്‍ കമ്പനികളും അതീവ ജാഗ്രതയിലാണെന്ന് വിലയിരുത്തല്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ കുറഞ്ഞതും വിസിറ്റ് വിസ നിര്‍ത്തലാക്കിയതും കള്ളക്കടത്ത് ലോബിക്ക് തിരിച്ചടിയായതിനാല്‍  സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് ദോഹയിലെ പ്രമുഖ കൊറിയര്‍ ഏജന്‍സി പ്രതിനിധി ‘ചന്ദ്രിക’ യോടു പറഞ്ഞു.
ഗള്‍ഫിലും നാട്ടിലും പ്രവര്‍ത്തിക്കുന്ന കസ്റ്റംസിന്റെ അഗീകാരത്തോടെയുള്ള കൊറിയര്‍ സ്ഥാപനങ്ങളിലൂടെയാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടത്തുന്നതെന്നും ഏജന്‍സി വിശദീകരിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം കൊറിയര്‍ കമ്പനികള്‍ വഴി കൊച്ചിയിലേക്കയച്ച സ്വര്‍ണ്ണം കൊച്ചിന്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൊടുത്തയക്കുന്നയാളിന്റെ വിമാനടിക്കറ്റും കമ്മീഷന്‍ പണവും  ലാഭിക്കാമെന്നതാണ് കള്ളകടത്ത് ലോബി കൊറിയര്‍ സംവിധാനം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് എന്ന് കരുതപ്പെടുന്നു.
കൊച്ചിയില്‍  അത്യാധുനിക എക്‌സ്‌റേ സ്‌കാനര്‍ മെഷിനുകള്‍ സ്ഥാപിക്കുകയും പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തതോടെ  ഏത്  പാക്കിങ്ങിലൂടെയുമുള്ള സ്വര്‍ണ്ണക്കടത്തും കണ്ടെത്താന്‍ കഴിയുന്നുണ്ട്.  മിശ്രിതം, പൗഡര്‍, കാര്‍ട്ടണ്‍ പാളി എന്നിങ്ങനെ വിവിധ രീതികളില്‍ അയച്ച മുഴുവന്‍ സ്വര്‍ണ്ണവും കൊച്ചിന്‍ കസ്റ്റംസ് ഈയ്യിടെ പിടിച്ചെടുക്കുകയുണ്ടായി.  സ്വര്‍ണ്ണം അയക്കുന്ന വ്യക്തിയും നാട്ടില്‍ സ്വീകരിക്കുന്നയാളും കസ്റ്റംസിന്റെ നിയമ നടപടിക്ക് വിധേയമാകുമെന്ന് മാത്രമല്ല സ്വര്‍ണ്ണം കണ്ടെത്തുന്ന കാരണത്താല്‍ കൊറിയര്‍/കാര്‍ഗോ കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യവും ഉണ്ടാവുകയാണ്. ഇതോടെ സ്വര്‍ണ്ണം കടത്താനുപയോഗിച്ച മേല്‍വിലാസക്കാരുടെ പേരില്‍ കാര്‍ഗോ കമ്പനിയും മേല്‍വിലാസക്കാരുടെ പേരില്‍ കേസ് ഫയല്‍ ചെയ്യും. കുടുംബത്തിലേയോ സ്‌നേഹിതന്മാരുടേയോ തിരിച്ചറിയല്‍ കാര്‍ഡാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിക്കുന്നത് . ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കുന്നു. ലൈസന്‍സ് റദ്ദാകുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരികയാണ് കൊറിയര്‍ കമ്പനികള്‍. ഒരുപാട് പേരുടെ ജീവിതോപാധിയും  രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്ന ഇത്തരം  കള്ളക്കടത്ത് ലോബിയേയും മേല്‍വിലാസക്കാരേയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുറന്ന് കാണിക്കാനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കാര്‍ഗോ ഏജന്‍സികള്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 06) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ 178 പേര്‍ക്കു കൂടി കോവിഡ്; 218 പേര്‍ക്കു കൂടി രോഗം ഭേദമായി