in

ഗൂഗിള്‍ ഖത്തറില്‍ ഓഫീസും പരിശീലന കേന്ദ്രവും തുറക്കുന്നു

ദോഹ: ഗൂഗിള്‍ ഖത്തറില്‍ പുതിയ ഓഫീസും പരിശീലനകേന്ദ്രവും തുറക്കുന്നു. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി(ക്യുഎഫ്ഇസെഡ്എ), ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഗൂഗിള്‍ ക്ലൗഡ്‌സ് എന്നിവയുടെ സംയുക്ത പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പുതിയ ഓഫീസും പരിശീലനത്തിനായുള്ള മികവിന്റെ കേന്ദ്രവും തുറക്കുന്നത്. സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാനും ഡിജിറ്റല്‍ ലോകത്ത് വിജയിക്കാനും ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ഗൂഗിള്‍ ടൂളുകളിലും സൗകര്യങ്ങളിലും സാങ്കേതികവിദ്യകളിലും സൗജന്യവും മികച്ചതുമായ പരിശീലനം ലഭ്യമാക്കുകയാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് ഖത്തറില്‍ നൂതനത പരിപോഷിപ്പിക്കുകയെന്നതും ലക്ഷ്യം. ഉയര്‍ന്ന സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേറ്ററായും ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഗവേഷണ കേന്ദ്രമായും ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ക്ലൗഡ് സങ്കേതികവിദ്യ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശീലന പരിപാടികളായിരിക്കും തുടക്കത്തില്‍ കേന്ദ്രത്തില്‍ ലഭ്യമാകുക. ക്ലൗഡ് അക്കാദമിക് പ്രോഗ്രാമും ഉണ്ടാകും. 7, 11 ആഴ്കള്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പഠനയാത്രയുമുണ്ടാകും. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിലവില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിര്‍ച്വല്‍ രീതിയിലാണ്. താല്‍പര്യമുള്ള പഠിതാക്കള്‍ക്ക് കോഴ്‌സുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക്- g.co/cloud/coeqatar. പുതിയ കെട്ടിടത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും. ആരംഭിച്ചുകഴിഞ്ഞാല്‍ ഈ പഠനകേന്ദ്രം നവീകരണത്തിന്റെയും സാങ്കേതിക അറിവിന്റെയും ഹബ്ബായി മാറും. ഡിജിറ്റല്‍ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഗവേഷണത്തിനു പുറമെ ശില്‍പ്പശാലകള്‍, പ്രഭാഷണങ്ങള്‍, പരിശീലനം, ഡിജിറ്റല്‍ കഴിവുകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കും. മുഷൈരിബ് ഡൗണ്‍ടൗണിലായിരിക്കും പുതിയ ഓഫീസ്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കളെയും പങ്കാളികളെയും അവരുടെ ക്ലൗഡ് വര്‍ക്ക്‌ലോഡുകള്‍ പ്രാദേശികമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഗൂഗിള്‍ ക്ലൗഡ് റീജിയണ്‍ ഖത്തറില്‍ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി കഴിഞ്ഞവര്‍ഷമാണ് ഗൂഗിള്‍ ക്ലൗഡുമായി തന്ത്രപപ്രധാന പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ഖത്തറിലെ സാങ്കേതിക പരിസ്ഥിതി സംവിധാനത്തിന്റെ വളര്‍ച്ചയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ക്ലൗഡുമായുള്ള സഹകരണം. ഗൂഗിള്‍ ക്ലൗഡ് ഖത്തറില്‍ സ്ഥാപിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിനേഷന്‍: പിഎച്ച്‌സിസി ആപ്പ് മുഖേന ബുക്ക് ചെയ്യാം

മെട്രാഷ്-2 ആപ്പില്‍ ഇ-വാലറ്റ് സേവനം; തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സൗകര്യം