
സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിച്ച് ചരിത്രം തെറ്റായി ഗ്രഹിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെന്ന് പാറക്കല്‍
ദോഹ: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് ചെയറിന് കീഴിലുള്ള ഗ്രെയ്സ് ബുക്സിന്റെ അക്ഷരക്കൂട്ട് 2021 കാംപയിന് ഖത്തറില്‍ സജീവമാകുന്നു. കാംപയിന്റെ ഭാഗമായി 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വായനശാലകളിലേക്ക് പുസ്തകങ്ങള്‍ സ്പോണ്സര് ചെയ്ത ചടങ്ങ് മുസ്്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിച്ച് ചരിത്രം പോലും തെറ്റായി ധരിച്ചുവശാവുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെന്നും മികച്ച ഗ്രന്ഥങ്ങളിലൂടെ വായന പ്രചരിപ്പിക്കുന്ന ഇത്തരമൊരു കാംപയിന് ഏറെ ക്രിയാത്മകവും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. വിവരമുണ്ടെന്ന് നാം ധരിച്ചുവെക്കുന്നവര് പോലും വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ കാരണം യഥാവിധി കാര്യങ്ങള്‍ പഠിച്ചും വായിച്ചും മനസ്സിലാക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു ലൈബ്രറികളിലേക്കുളള പുസ്തകങ്ങളുടെ തുക പ്രഫഷണല്‍ ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അലി ഹസ്സന് പാറക്കല്‍ അബ്ദുല്ലക്ക് കൈമാറി.ഖത്തര്‍ കെ.എം.സി.സി കല്‍പ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സീഷോര്‍ ഗ്രൂപ്പ് പ്രഫഷണല്‍ ഡിവിഷന് മാനേജരുമായ വി. സമീറും സുഹൃത്ത് ടെലി ടെക്നോളജീസ് സഹസ്ഥാപകന്‍ ഫവാസ് മുഹമ്മദും ചേര്‍ന്ന് മറ്റൊരു നാല് സെറ്റിനുള്ള സംഖ്യയും ഖത്തര്‍ കെ.എം.സി.സി നേതാവ് ജാഫര്‍ തയ്യില്‍ 2 ലൈബ്രറികളിലേക്കുള്ള തുകയും നല്കി. മാധ്യമപ്രവര്‍ത്തകരായ ഷഫീഖ് ആലിങ്ങല്‍, അശ്റഫ് തൂണേരി, എ.ടി ഫൈസല്‍ സംബന്ധിച്ചു. 7,550 രൂപ വിലയുള്ള പുസ്തകങ്ങള്‍ കാംപയിന് കാലയളവില്‍ 5,000 രൂപക്ക് ലഭിക്കും. ഖാഇദെമില്ലത്ത്, സര്.സയ്യിദ് അഹ്മദ്ഖാന്‍, മൗലാനാ മുഹമ്മദലി, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുര്റഹിമാന് ബാഫഖി തങ്ങള്‍, സി എച്ഛ് മുഹമ്മദ്കോയ, ആലിമുസ്ല്യാര്, ബി. പോക്കര് സാഹിബ്, ഉപ്പി സാഹിബ്, എന്‍.വി അബ്ദുസ്സലാം മൗലവി, തുടങ്ങിയ മഹാരഥന്മാരെക്കുറിച്ചുള്ള പുസ്തകങ്ങളും 1921-ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനവും, വാഗണ്‍ ട്രാജഡിയെക്കുറിച്ചുള്ള പഠനവും, എം.ഐ തങ്ങള്‍, എം.സി വടകര തുടങ്ങിയ പ്രഗത്ഭ എഴുത്തുകാരുടെ ശ്രദ്ധേയ രചനകളും ഉള്‍പ്പെടുന്ന 36-ഓളം പുസ്തകങ്ങളാണ് വിലക്കുറവില്‍ ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാംപയിനില്‍ പങ്കാളികളാവാന്‍ വിളിക്കുക:33501506