
ദോഹ: പൊതുസ്‌കൂളുകളുടെ പന്ത്രണ്ടാം ഗ്രേഡിലെ പരീക്ഷകള്‍ ജൂണില്‍ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ഖാതിര്‍ പറഞ്ഞു. വിദൂര പഠനം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പ്രക്രിയ തുടരാനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും അനുവദിക്കും. വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിക്കുന്ന എല്ലാ തീരുമാനങ്ങളും സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണെന്നും അവര്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസം തുടരുന്നതിന് ലഭ്യമായ ഏക ഓപ്ഷനെന്നകത് വിദൂര വിദ്യാഭ്യാസമാണ്. ഇതിനായി ആവശ്യമായ ക്രമീകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ മീഡിയാ കോര്‍പ്പറേഷനുമായി സഹകരിച്ച് ടെലിവിഷന്‍ ചാനലുകള്‍ വീഡിയോ പാഠങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ യുട്യൂബിലും പാഠഭാഗങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദൂര വിദ്യാഭ്യാസത്തിന് ടാബ്‌ലെറ്റുകള്‍ അനിവാര്യമാണ്. ചില കുടുംബങ്ങള്‍ക്ക് അവരുടെ എല്ലാ കുട്ടികള്‍ക്കും ടാബ്ലെറ്റുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പക്ഷെ വിദൂര പഠന സമ്പ്രദായത്തിന് കുടുംബത്തിന് ഒരു ഡിവൈസ് മാത്രമേ ആവശ്യമുള്ളൂ. ഓരോ വിദ്യാര്‍ഥിക്കും ഒരു മണിക്കൂര്‍ മാത്രമാണ് ടാബിന്റെ ആവശ്യം വരിക. ടാബ്ലെറ്റുകള്‍ ആവശ്യമുള്ള കുടുംബങ്ങളെ തിരിച്ചറിയാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ഓരോ ഡിവൈസ് വീതം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.