
ദോഹ: വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിസ്കൂള് ഓഫ് ആര്‍ട്സില്‍(വിസിയുആര്ട്സ് ഖത്തര്‍) 2020 ബാച്ച് ബിരുദധാരികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേന വിര്‍ച്വല്‍ ചടങ്ങാണ് സംഘടിപ്പിച്ചത്. എജ്യൂക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഖത്തര്‍ ഫൗണ്ടേഷന്റെ ആര്‍ട്ട്, ഡിസൈന്‍ പങ്കാളിത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ വര്‍ഷം 67 വിദ്യാര്‍ഥികളാണ് ബിരുദം നേടി പുറത്തിറങ്ങിയത്. സ്റ്റുഡന്റ് ഡെവലപ്മെന്റ് സീനിയര്‍ സ്പെഷ്യലിസ്റ്റ് സാറാ ഫഹീം സംഘടിപ്പിച്ച വിര്‍ച്വല്‍ ഒത്തുചേരല്‍, യൂണിവേഴ്സിറ്റിയിലെ ആര്‍ട്ട് ഹിസ്റ്ററി, ഫാഷന്‍ ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, എംഎഫ്എ ഡിസൈന്‍, പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ് പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വിസിയു ആര്‍ട്ട്സ് ഖത്തറിന്റെ ഡീന്‍ അമീര്‍ ബെര്‍ബിക്, അക്കാദമിക് അഫയേഴ്സ് ഇടക്കാല അസോസിയേറ്റ് ഡീന്‍ ഡോ. ഷെരിഫ് അമോര്‍, സ്റ്റുഡന്റ് അഫയേഴ്സ് അസിസ്റ്റന്റ് ഡീന്‍ ഡോ. വലേരി ജെറെമിജെന്കോ എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ചിലര്‍ തങ്ങളുടെ പരമ്പരാഗത ബിരുദവസ്ത്രമായ ഗൗണ്‍, തൊപ്പി എന്നിവ ധരിച്ചുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ അവര്‍ക്ക് ഔപചാരികമായി ഗൗണ്‍ ധരിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
2020ലെ ക്ലാസ്സില്‍ 18 ഗ്രാഫിക് ഡിസൈന്‍ ബിരുദധാരികള്‍, 18 ഇന്റീരിയര്‍ ഡിസൈന്‍ ബിരുദധാരികള്‍, ഒന്‍പത് പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ് ബിരുദധാരികള്‍, ഒമ്പത് ആര്‍ട്ട് ഹിസ്റ്ററി ബിരുദധാരികള്‍, എട്ട് ഫാഷന്‍ ഡിസൈന്‍ ബിരുദധാരികള്‍, അഞ്ച് എംഎഫ്എ ഡിസൈന്‍ ബിരുദധാരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.