
ദോഹ: ഗ്രാന്റ് ഹമദ് സ്ട്രീറ്റില്‍ ഇരുവശങ്ങളിലേക്കുമുള്ള ഒറ്റവരി പാതയില്‍ 700മീറ്റര്‍ പരിധിയില്‍ റോഡ് അടക്കുന്നു. അബ്ദുല്ല ബിന്‍ ജാസിം ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍മഹര്‍ സ്ട്രീറ്റുമായിചേര്‍ന്നുള്ള ഗ്രാന്റ് ഹമദ് സ്ട്രീറ്റ് വരെയാണ് താത്ക്കാലികമായി അടച്ചതെന്ന് ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍ അറിയിച്ചു.
ഇന്ന് മുതല്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം. ഗ്രാന്റ് ഹമദ് സ്ട്രീറ്റിലെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചത്. പ്രദേശത്തെ ഇരുഭാഗത്തേക്കുമുള്ള രണ്ടു വരി പാതയിലൂടെ യാത്രക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. താമസ കേന്ദ്രങ്ങളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിനും അശ്ഗാല്‍ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച റോഡ് അടയാളങ്ങളും വേഗതാ നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കണമെന്ന് ഡ്രൈവര്‍മാരോട് അശ്ഗാല്‍ അഭ്യര്‍ഥിച്ചു.