
ദോഹ: റമദാനില്‍ ഉത്പന്നങ്ങളുടെ വിലക്കുറവ് ഉപഭോക്തൃ സംരക്ഷണ സംരംഭങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്തൃ വില സൂചികയിലെ കുറവ്, പ്രത്യേകിച്ച് റമദാന് മാസത്തില്‍ ഭക്ഷ്യ പാനീയ വിലയിലുണ്ടായ ഇടിവ്, ഉപഭോക്താക്കളുടെ ഭാരം ലഘൂകരിക്കാനും ഉപഭോക്തൃവസ്തുക്കളുടെ ന്യായരഹിതമായ വിലവര്‍ധനയില്‍ നിന്ന് അവരെ സംരക്ഷിക്കാനുമുള്ള സംരംഭങ്ങളുടെ വിജയത്തെ പ്രതിഫലിപ്പക്കുന്നു. ഉപഭോക്തൃവിലയില്‍ പൊതുവെ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും ഭക്ഷ്യ പാനീയങ്ങളുടെ വില കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. പൗരന്മാരുടെയും താമസക്കാരുടെയും വാങ്ങല്‍ ശേഷിയെ പിന്തുണക്കുന്നതിനും വിവിധ ഉത്പന്നങ്ങളുടെ അന്യായമായ വില വര്‍ധന പരിമിതപ്പെടുത്തി ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുകയുമാണ് മന്ത്രാലയം ചെയ്യുന്നത്. ഏപ്രില്‍ 23 മുതല്‍ മെയ് 24വരെയുള്ള കാലയളവില്‍ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാതായി ഉപഭോക്തൃ വില സൂചിക വ്യക്തമാക്കുന്നു.