
ദോഹ: സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിന് എല്ലാവരേയും സഹായിക്കുകയെന്നതാണ് ക്യുജിബിസിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ ഡയരക്ടര്‍ മിശ്അല്‍ അല്‍ ശമരി. ആരോഗ്യ സുസ്ഥിതി അജണ്ട കെട്ടിട നിര്‍മാണത്തിലും നഗരാസൂത്രണ രംഗത്തും പ്രാവര്‍ത്തികമാക്കാന്‍ അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലുമുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സുസ്ഥിതി ചട്ടക്കൂട് എന്ന വിഷയത്തില്‍ ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (ക്യുജിബിസി) സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ സുസ്ഥിര വാരത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ജനങ്ങളുടെ ആരോഗ്യ സുസ്ഥിതിക്കും ഉല്പാദനക്ഷമതയ്ക്കും ഹരിത കെട്ടിടങ്ങളുടെ ആവശ്യകതയും ലഭ്യതയും വര്‍ധിപ്പിക്കുക എന്ന ആശയമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോഗ്യവും സുസ്ഥിതിയും സംബന്ധിച്ച നിര്‍വചനം യു എന്‍ ആഗോള സുസ്ഥിര വികസന ലക്ഷ്യം പരിഷ്‌കരിച്ചിരിക്കുകയാണെന്ന് വേള്‍ഡ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ സിഇഒ ക്രിസ്റ്റിന ഗംബോവ പറഞ്ഞു. കെട്ടിടങ്ങള്‍ക്കകത്ത് അധിവസിക്കുന്നവരുടെ ആരോഗ്യവും സുസ്ഥിതിയും മാത്രമാണ് നാം ഇതുവരെ ശ്രദ്ധിച്ചിരുന്നതെങ്കില്‍, സമഗ്രമായ പ്രത്യാഘാതം വിലയിരുത്തി നിര്‍മാണരംഗം പരിഷ്‌കരിക്കണമെന്നാണ് പുതിയ നയമെന്നും അവര്‍ വിശദീകരിച്ചു.
ഹരിത, സുസ്ഥിര നിര്‍മാണം മനുഷ്യരുടെ സുരക്ഷയ്ക്കും സുസ്ഥിതിക്കും അനിവാര്യമാണെന്ന മുദ്രാവാക്യം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ക്യു.ജി.ബി.സി. ഹരിത കെട്ടിടങ്ങളില്‍ കഴിയുന്നവരുടെ മെച്ചപ്പെട്ട ആരോഗ്യവും സുസ്ഥിതിയും കൂടിയ ഉല്പാദനക്ഷമതയും സ്ഥായിയായ നിര്‍മിതിയുടെ ഉപോല്പന്നമാണെന്ന സന്ദേശവും സമ്മേളനം മുന്നോട്ടുവച്ചു. മിഡ്‌ലീസ്റ്റ്ഉത്തരാഫ്രിക്ക മേഖലയില്‍ ആരോഗ്യ സുസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. പരിസ്ഥിതി സൗഹൃദപൂര്‍ണമായ എല്ലാ നടപടികള്‍ക്കും ക്യു.ജി.ബി.സി വലിയ പ്രോത്സാഹനം നല്‍കും. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ സയന്‍സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അംഗമാണ് ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍.