
ദോഹ: വേനലവവധി ആഘോഷിക്കുന്നതിനായി രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.യാത്രയ്ക്കായി പുറപ്പെടുമ്പോഴുള്ള തയാറെടുപ്പുകള്‍ എന്തൊക്കെ എന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കിയിട്ടുണ്ട്. ഏത് രാജ്യത്തേക്കായാലും യാത്രക്ക് മുമ്പ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. ആ രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും മനസിലാക്കുകയും പിന്തുടരുകയും വേണം. പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പുവരുത്തണം.
പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കാലാവധി ആറുമാസത്തില്‍ കുറയാന്‍ പാടില്ല. പ്രീ-എന്‍ട്രി വിസ ആവശ്യമുള്ള രാജ്യങ്ങളില്‍നിന്ന് വിസ നേരത്തെ നേടണം. ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കണം. യാത്രാ മാനദണ്ഡങ്ങളും ആഗോള വ്യോമയാന ചട്ടങ്ങളും പാലിക്കണം. നിരോധിത വസ്തുക്കള്‍ ഒപ്പം കരുതരുത്. ഏതെങ്കിലും കക്ഷികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഗ്യാരന്റിയായി പാസ്പോര്‍ട്ടോ ഐഡി കാര്‍ഡോ നല്‍കുന്നത് ഒഴിവാക്കണം.
പാസ്‌പോര്‍ട്ട്, എയര്‍ടിക്കറ്റ്, മറ്റു സുരക്ഷിതരേഖകള്‍ എന്നിവ ജാഗ്രതയോടെയും സുരക്ഷിതത്വത്തോടെയും കരുതണം. നോണ്‍ ഖത്തരി ഗാര്‍ഹികജോലിക്കാരും നോണ്‍ ഖത്തരി എസ്‌കോര്‍ട്ടും ഒപ്പമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ അവരുടെ വിസ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തണം. യാത്രയില്‍ സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കരുതാന്‍ പാടില്ല. ഖത്തറുമായി നിലപാട് വ്യത്യാസവും ഭിന്നതയുമുള്ള രാജ്യങ്ങളിലെ പൗരന്‍മാരുമായി ഇടപഴകാനോ ഇടപാടുകള്‍ നടത്താനോ പാടില്ല. മാര്‍ക്കറ്റുകളിലും കൂട്ടായ്മകളിലും പങ്കെടുക്കുമ്പോള്‍ കുട്ടികളെ ശ്രദ്ധിക്കണം. സന്ദര്‍ശക രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുടെ പരിശോധനാ അനുമതിയില്ലാതെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കരുത്. പരിശോധിക്കാന്‍ വരുന്ന വ്യക്തിയുടെ ഔദ്യോഗിക പദവി മനസിലാക്കിയിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ അഭ്യര്‍ഥിക്കണം. സന്ദര്‍ശക രാജ്യത്തെ ഖത്തര്‍ എംബസിയുടെ നമ്പര്‍ മനസിലാക്കിയിരിക്കണം. പാസ്‌പോര്‍ട്ട് നമ്പരും വ്യക്തിഗത തിരിച്ചറിയല്‍ നമ്പറും മനസില്‍ പതിഞ്ഞിരിക്കണം. സംശയാസ്പദമായ സ്ഥലങ്ങളിലോ കൂട്ടായ്മകളിലോ പോകരുത്.
ഗ്രൂപ്പായി പോകുകയാണെങ്കില്‍ ഒരാളില്‍ മാത്രമായി വലിയ തുക സൂക്ഷിക്കരുത്. കുടുംബാംഗങ്ങളിലായി വിതരണം ചെയ്യണം. മണി എക്‌സ്‌ചേഞ്ച് റസിപ്റ്റ് സൂക്ഷിക്കണം. സന്ദര്‍ശകരാജ്യത്തെത്തിയാല്‍ ഖത്തരി യാത്രക്കാരന്‍ കയ്യിലുള്ള തുകയെ(പതിനായിരം യൂറോയ്‌ക്കോ പതിനായിരം ഡോളറിനോ മുകളില്‍ തുകയുണ്ടെങ്കില്‍) സംബന്ധിച്ച് കസ്റ്റംസ് ഓഫീസറെ അറിയിക്കണം. നിഖാബ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവ ധരിക്കരുത്.
യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്റ്‌സ്്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ പ്രാബല്യത്തിലുള്ള മൂടുപട നിരോധന നിയമം പാലിക്കണം. യാത്രക്കിടെ മറ്റുള്ളവരുടെ ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പായി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുമ്പോള്‍ മാംസമോ ക്ഷീരോത്പന്നങ്ങളോ കൊണ്ടുപോകരുത്.
അതല്ലാതെയുള്ള ഭക്ഷ്യവസ്തുക്കള്‍ വ്യക്തിഗത ആവശ്യത്തിനായി കൊണ്ടുപോകുന്നുണ്ടെങ്കില്‍ രണ്ടുകിലോയില്‍ കൂടുതല്‍ കവിയരുത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഖത്തര്‍ എംബസിയിലോ കോണ്‍സുലേറ്റിലോ റിപ്പോര്‍ട്ട് ചെയ്യുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ അന്വേഷണമുണ്ടായാലും എംബസിയെ ഉടന്‍ അറിയിക്കണം. തീവ്രവാദ പ്രവര്‍ത്തനങ്ങളോ മറ്റോ ഉണ്ടായാല്‍ എംബസിയെ ബന്ധപ്പെട്ട് ഉപദേശം തേടണം. യാത്രയില്‍ ഒപ്പമുള്ള വേലക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്‌പോണ്‍സറുടെ പക്കല്‍ സൂക്ഷിക്കരുത്. ഇവരുടെ പ്രതിദിന തൊഴില്‍ എട്ടു മണിക്കൂറായിരിക്കണം. കൂടാതെ അവധി, വാരാന്ത്യ അവധികളുമുണ്ടായിരിക്കണം. ഗാര്‍ഹിക ജോലിക്കാര്‍ക്കായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അനുയോജ്യമായ താമസസൗകര്യം ഒരുക്കണം. ഗാര്‍ഹിക തൊഴിലാളിയെ കാണാതാകുകയോ ഓടിപ്പോകുകയോ ചെയ്താല്‍ അക്കാര്യം ഏറ്റവും സമീപത്തെ ഖത്തര്‍ നിയതന്ത്ര മിഷനെ അറിയിക്കണം. സന്ദര്‍ശനത്തിന് വിസ ആവശ്യമില്ലാത്തതും മുന്‍കൂര്‍ വിസ വേണ്ടതുമായ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിസ നടപടികളും മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്.