
ദോഹ: എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി കൊറോണ വൈറസ്(കോവിഡ്-19) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടികളും തീരുമാനങ്ങളും പാലിക്കേണ്ടത് സുപ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത പറഞ്ഞു. എല്ലാവരും തീരുമാനങ്ങള്‍ പാലിക്കുകയും പൊതുവായ ഒത്തുചേരലുകളും കൂട്ടംകൂടലുകളും അവസാനിപ്പിക്കുകയും വേണം.
ഒത്തുചേരലുകള്‍ വരുത്തുന്ന അപകടത്തെക്കുറിച്ച് എല്ലാവരും മുന്നറിയിപ്പ് നല്‍കുന്ന സമയത്ത് ബീച്ചുകളിലും മറ്റു സ്ഥലങ്ങളിലും ഒത്തുചേരലുകള്‍ കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും ഖത്തര്‍ ടിവിയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഒത്തുചേരലുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി പട്രോളിങ് ടീമിനെ വിന്യസിച്ചിട്ടുണ്ട്.
വിവിധ സുരക്ഷാവകുപ്പുകളുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നുണ്ട്. ദുഖാന്‍, ദക്ഷിണ മേഖല, വടക്കന്‍ മേഖല, അല്‍റയ്യാന്‍ തുടങ്ങി എല്ലാ മേഖലകളിലും ഒത്തുചേരലുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാന്‍ ഹോട്ടലുകളിലും വീടുകളിലും ക്വാറന്റൈനിലിരിക്കുന്നവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാലോ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത മറ്റ കേസുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ 44579999 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പൊതുജനങ്ങളോടു ആഹ്വാനം ചെയ്തു.
കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാന്‍ മന്ത്രാലയം നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കവെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയിലുള്ള ദുരന്ത നിവാരണ സുപ്രീംകമ്മിറ്റിയുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിഗേഡിയര്‍ അല്‍ മുഫ്ത പറഞ്ഞു.
ബീച്ചുകളിലെ ഒത്തുചേരലുകള്‍, അനാവശ്യമായ ഗൃഹ സന്ദര്‍ശനങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും എല്ലാവര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ എല്ലാവരും തീരുമാനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു വ്യക്തിയെ ബാധിച്ചിട്ടുണ്ടെങ്കില്‍ മറ്റു പലര്‍ക്കും അണുബാധ പകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.