
ദോഹ: ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണ ടാങ്കിനുള്ള ഗിന്നസ് റെക്കോര്‍ഡിന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റാമ) അര്‍ഹമായി. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കഹ്‌റാമ സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ടാങ്കിന്റെ അളവ് 4.36ലക്ഷത്തിലധികം ക്യുബിക് മീറ്ററാണ്. ഖത്തറിന്റെ ജലസുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ലോക റെക്കോര്‍ഡ്.
ആഗോളതലത്തിലെയും മേഖലയിലെയും ഏറ്റവും വലിയ മെഗാ ജലസംഭരണിയാണ് ഖത്തറിന്റേത്. 1500 മില്യണ്‍ ഗാലനാണ് പദ്ധതിയുടെ ശേഷി. രാജ്യം നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 2026വരെയുള്ള രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണ് പദ്ധതി. അടുത്ത ഘട്ടത്തില്‍ 2036വരെയുള്ള ആവശ്യകത നിറവേറ്റാനാകും. പ്രതിദിനം 2400 മില്യണ്‍ ഗാലന്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടാകും. വിവിധ സാഹചര്യങ്ങളില്‍ മാസങ്ങളോളം രാജ്യത്തിന്റെ ആവശ്യകത നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും. അഞ്ചു സ്ഥലങ്ങളിലായി കൂറ്റന്‍ ജലസംഭരണികളാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ 230 കോടി ഗാലണ്‍ വെള്ളം സംഭരിക്കുകയാണ് ലക്ഷ്യം. ഒരോ ജലസംഭരണിയിലും പത്തു കോടി ഗാലണ്‍വെള്ളം ശേഖരിക്കാനാകും. ലോകത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ജലസംഭരണിയാണിത്. ഉം സലാല്‍, അല്‍ തുമാമ, റൗദത്ത് റാഷിദ്, ഉം ബറാക തുടങ്ങി അഞ്ചു കേന്ദ്രങ്ങളിലാണു മെഗാ റിസര്‍വോയര്‍ പദ്ധതി. ഖത്തറിന്റെ ഭക്ഷ്യസുരക്ഷയിലെ പ്രധാനപ്പെട്ട പദ്ധതിയാണിത്.
ശുദ്ധമായ ജലം ദീര്‍ഘകാലത്തേക്കു ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കും. രാജ്യത്തെ പ്രധാന ഭാഗങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പദ്ധതി എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.