
- ഖത്തര്‍-സഊദി അതിര്‍ത്തി തുറക്കാനുള്ള മാര്‍ഗ്ഗമാരായും
- അമേരിക്ക അന്വേഷിക്കുന്നത് വിവിധ മാര്‍ഗങ്ങളെന്ന് ലെന്‍ഡര്‍കിങ്
- എല്ലാ കക്ഷികളുമായും കാര്യക്ഷമമായ രീതിയിലാണ് ഇടപെടുന്നതെന്നും യു എസ്
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി വിവിധ സാധ്യതകള്‍ തേടുന്നതായി അമേരിക്ക. ഇടക്കാല പരിഹാരത്തിന്റെ സാധ്യത ഉള്‍പ്പടെ തേടുന്നുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി തിമോത്തി ലെന്‍ഡര്‍കിങ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് തയാറാണെന്നും ടെലിഫോണിക് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അയല്‍ രാജ്യങ്ങള്‍ തടഞ്ഞ ഖത്തറിന്റെ വായു, കര അതിര്‍ത്തികള്‍ വീണ്ടും തുറക്കുക അല്ലെങ്കില്‍ തെരഞ്ഞെടുത്ത രാജ്യങ്ങളെ ചര്‍ച്ചയിലേക്ക് എത്തിക്കുക തുടങ്ങിയവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും പ്രത്യേകിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം് പറഞ്ഞു. ഗള്‍ഫ് വീണ്ടും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് തങ്ങളുടെ ചിന്ത. പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രതിജ്ഞാബദ്ധരാണ്. എല്ലാ കക്ഷികളുമായും ഇക്കാര്യത്തില്‍ കാര്യക്ഷമമായ രീതിയിലാണ് തങ്ങള്‍ ഇടപെടുന്നത്. ഗള്‍ഫ് പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിനു മുന്നോടിയായി ഇടക്കാല പരിഹാരത്തിനുള്ള സാധ്യതയും ലെന്‍ഡര്‍കിങ് ഊന്നിപ്പറഞ്ഞു.

നയതന്ത്രതലത്തില്‍ പരിഹാരം സാധ്യമാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. പ്രശ്‌നപരിഹാരത്തിനു സഹായിക്കുന്ന ഏതൊരു ആശയത്തോടും തുറന്ന സമീപനമാണുള്ളത്. ഖത്തര്‍-സഊദി അതിര്‍ത്തി വഴിയുള്ള ഗതാഗതം വീണ്ടും തുറക്കാനും വ്യാപാരവുമുള്‍പ്പെടെ വര്‍ധിപ്പിക്കാനുമാകുന്ന സാധ്യതകളാണ് തങ്ങള്‍ അന്വേഷിക്കുന്നത്. എല്ലാ കക്ഷികളും ഒരു സമയം ഒന്നിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നില്ല. ഖത്തറിനും സഊദി അറേബ്യക്കുമിടയിലോ, ഖത്തര്‍, സഊദി അറേബ്യ, യു എ ഇ എന്നിവക്കിടയിലോ അനുനയം സാധ്യമാവുന്ന ചെറിയ ക്രമീകരണങ്ങളെക്കുറിച്ച് നോക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണ്. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതില്‍ കുവൈത്ത് മധ്യസ്ഥ ശ്രമത്തെ പ്രശംസിക്കുന്നതായി ലെന്‍ഡര്‍കിങ് എടുത്തുപറഞ്ഞു.