
ദോഹ: ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘകാലമായി തുടരുകയാണെന്നും ഈ പ്രതിസന്ധി ആത്യന്തികമായി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയില്‍ യുഎസിന്റെ മേഖലാ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായും യുഎസിന്റെ ഇറാന് കാര്യങ്ങള്‍ക്കായുള്ള പ്രത്യേകപ്രതിനിധി ബ്രയാന്‍ ഹൂക്ക് പറഞ്ഞു. ഖത്തര്‍ അമേരിക്കയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര്‍ അമേരിക്കയുടെ നല്ല സുഹൃത്താണ്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ച വിശാലവും ഉത്പാദനപരവുമായിരുന്നു. ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇറാന് വിഷയമായിരുന്നു. ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പടെ മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു.
യുഎസ് പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി പോംപിയോയും ജിസിസി അംഗരാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ടെന്നും ഹൂക്ക് കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് തര്‍ക്കം ദീര്‍ഘകാലമായി തുടരുകയാണ്. ഇത് ആത്യന്തികമായി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയിലെ യുഎസിന്റെ പങ്കിട്ട പ്രാദേശിക താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു. എല്ലാ ജിസിസി രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്റെ നേട്ടങ്ങളിലാണ് അമേരിക്കയുടെ ഊന്നല്‍. വിശ്വാസവും ഐക്യവും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളെ അമേരിക്ക പിന്തുണക്കുമെന്നും ഹൂക്ക് പറഞ്ഞു. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതില്‍ കുവൈത്ത് മധ്യസ്ഥതയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.