
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. അത്തരം ചര്‍ച്ചകളുണ്ടാകുമ്പോള്‍ ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങളില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് കരാറിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ എന്തെങ്കിലുമൊരു സംഘര്‍ഷമുണ്ടായാല്‍ കുട്ടികളും ഭാവിയിലെ കുട്ടികളും ഇരകളാകാന്‍ പാടില്ല.
ഇതു ഖത്തറിന്റെ താല്പര്യത്തിനു മാത്രമല്ല, മുഴുവന്‍ മേഖലയുടെയും താല്പര്യത്തിനു വേണ്ടിയാണ്. ഓരോ രാജ്യത്തിനും മറ്റു രാജ്യങ്ങളോടുള്ള ഉത്തരവാദിത്വം വ്യക്തമായി പറയുന്ന ഒറു കരാര്‍ ഉണ്ടായിരിക്കണമെന്ന് ഖത്തര്‍ വിശ്വസിക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഫോറിന് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായി നുണകളും കുറ്റകൃത്യങ്ങളും അടിസ്ഥാനമാക്കിയാണ് ഗള്‍ഫ് പ്രതിസന്ധി കെട്ടിപ്പടുക്കപ്പെട്ടതെന്ന് രാജ്യാന്തര സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നുണകളും ആരോപണങ്ങളും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ആര്‍ക്കും ഉത്തരവാദിത്തമില്ല. നുണകളുടെ പരമ്പര തുടരുകയാണ്. ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കംമുതല്‍ അമീര്‍ തന്റെ നിലപാടില്‍ വളരെ വ്യക്തവും നിശ്ചയബോധ്യത്തോടെയുമായിരുന്നു.
അവര്‍ നമ്മോടു ഇടപെടുന്ന അതേരീതിയിലായിരിക്കരുത് അവരുമായി ഇടപെടേണ്ടതെന്നതായിരുന്നു അമീറിന്റെ നിലപാട്. ഖത്തറിന്റെ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായും അന്താരാഷ്ട്ര സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്ക്കനുസൃതമായിട്ടുമായിരിക്കണം അവരുമായി ഇടപെടേണ്ടതെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു.
അതുകൊണ്ടുതന്നെ ആ രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുകയും ബഹിഷ്കരിക്കുകയും ഭക്ഷണം, മരുന്ന് വിതരണം എന്നിവ തടയുകയും വ്യോമാതിര്‍ത്തി അടക്കുകയും ചെയ്തപ്പോഴും ആ രാജ്യങ്ങള്‍ ഖത്തറിനെതിരെ സ്വീകരിച്ച നടപടികളൊന്നും തിരിച്ച് സ്വീകരിച്ചില്ല- വിദേശകാര്യമന്ത്രി പറഞ്ഞു.
ഖത്തര്‍ ഉറച്ച നിലപാട് കാത്തുസൂക്ഷിക്കുകയും മറ്റു ജിസിസി രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യങ്ങള്‍ തമ്മിലുള്ള സമത്വ തത്വത്തെയും ബഹുമാനിക്കപ്പെടണമെന്ന വ്യവസ്ഥയുടെ കീഴില്‍ ജിസിസിയിലും അതിന്റെ ഐക്യത്തിലും ഖത്തര്‍ വിശ്വസിക്കുന്നു.
ലിബിയയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിലൂടെ രാജ്യം ഭരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സൈനികനെ പിന്തുണക്കുന്നതിനായി നിരവധി യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ ലിബിയന്‍ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ലിബിയന്‍ പ്രതിസന്ധി നേരിടുന്നതിലെ അന്താരാഷ്ട്ര വൈരുദ്ധ്യവും അദ്ദേഹം സൂചിപ്പിച്ചു. ലിബിയയിലെ വിദേശ ഇടപെടലിനെക്കുറിച്ച് ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം അവിടെ തുര്‍ക്കിയുടെ ഇടപെടലിനെതിരെ മാത്രമാണ് അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നതെന്ന് ചൂണ്ടിക്കാട്ടി. ലിബിയയിലെ നിയമാനുസൃത സര്‍ക്കാരിന് ഖത്തറിന്റെ പിന്തുണയും വ്യക്തമാക്കി. യമനില്‍ അഞ്ചുവര്‍ഷമായി നടക്കുന്ന യുദ്ധത്തിന്റെ ഫലമായി അവിടത്തെ അടിസ്ഥാനസൗകര്യങ്ങളെല്ലാം നശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനികള്‍ക്ക് മുന്നോട്ട് പോകാനുള്ള ഏക മാര്‍ഗം യുദ്ധം ആദ്യം തന്നെ നിര്‍ത്തുകയെന്നതാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇടപെടല്‍ ഒഴിവാക്കണം. സമാധാനം നേടുന്നതിന് അവര്‍ സ്വീകരിക്കുന്ന പാത നിര്‍ണ്ണയിക്കുകയും വേണം- വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തമായ അന്താാരാഷ്ട്ര സംവിധാനത്തിലൂടെയാണ് ഗസയെ സഹായിക്കുന്നത്. ഈ സഹായത്തെക്കുറിച്ച് അമേരിക്കക്കും അറിയാം. ഗസയിലെ ജനങ്ങള്‍ ഉപരോധത്തില്‍ കഷ്ടപ്പെടുന്നു. മാനുഷിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് അവരെ സഹായിക്കുന്നത്. ഗസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അന്താരാഷ്ട്ര സമൂഹം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു.