
ദോഹ: ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി അറേബ്യ മാര്‍ഗങ്ങള്‍ തേടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായുള്ള മൂന്നുവര്‍ഷത്തെ വിള്ളല്‍ പരിഹരിക്കാനുള്ള മാര്‍ഗം റിയാദ് തേടുകയാണെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് സഊദി തുടരുകയാണ്. എന്നാല്‍ തുടര്‍ന്നും സോപാധികമായും സുരക്ഷാ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിന്‍സ് ഫൈസല്‍ പറഞ്ഞു. ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള പാത താരതമ്യേന സമീപഭാവിയില്‍ ഉണ്ടായേക്കാമെന്ന് സഊദി കഴിഞ്ഞമാസവും സൂചന നല്‍കിയിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ആ ഘട്ടത്തില്‍ പ്രിന്‍സ് ഫൈസല്‍ പറഞ്ഞതിങ്ങനെ, ‘ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധമാണ്. ഖത്തരി സഹോദരന്മാരുമായി സംസാരിക്കാന്‍ തയ്യാറാണ്. അവരും പ്രതിജ്ഞാബദ്ധരാകുമെന്നാണ് കരുതുന്നത്. അതേസമയം നാലു രാജ്യങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ച സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണം. നിയമാനുസൃതമായ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. സമീപഭാവിയില്‍ ഒരു പരിഹാരത്തോടെ അതിലേക്ക് ഒരു പാതയുണ്ടെന്നാണ് കരുതുന്നത്’. സഊദി വിദേശകാര്യമന്ത്രിയുടെ പ്രതികരണത്തോടെ പ്രതിസന്ധി പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞിരുന്നു. ഗള്‍ഫ് പ്രതിസന്ധിയില്‍ വിജയികള്‍ ആരുമില്ലെന്നും ഏതു നിമിഷവും പ്രതിസന്ധി അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും വ്യക്തമാക്കിയിരുന്നു. അതേസമയം ഗള്‍ഫ് പ്രതിസന്ധിയില്‍ ഒരു പ്രമേയം ഉടനുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ഉതൈബ ഇസ്രാഈലി മാധ്യമങ്ങളോടു പ്രതികരിച്ചത്.