ദോഹ: മോട്ടോര്‍ കാറുകളുടെ ഗള്‍ഫ് റാഡിക്കല്‍ കപ്പിന്റെ ഏഴാംറൗണ്ട് മത്സരങ്ങള്‍ ലുസൈല്‍ രാജ്യാന്തര സര്‍ക്യൂട്ടില്‍ നടക്കും. ഖത്തര്‍ മോട്ടോര്‍ ആന്റ് മോട്ടോര്‍ സൈക്കിള്‍ ഫെഡറേഷന്റെയും(ക്യുഎംഎംഎഫ്) ലുസൈല്‍ സര്‍ക്യൂട്ട് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടക്കുക. കാറുകള്‍ക്കുള്ള റാഡിക്കല്‍ കപ്പിന്റെ ഫൈനല്‍ റൗണ്ടിനാണ് ദോഹ വേദിയാകുക. ഖത്തറിലെയും മേഖലയിലെയും മോട്ടോര്കായികമേഖലക്ക് ഉണര്‍വേകുന്നതായിരിക്കും ഈ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്. മോട്ടോര്‍ കാറുകളുടെ മത്സരസീസണിലെ ഏറ്റവും സുപ്രധാന ചാമ്പ്യന്‍ഷിപ്പാണിത്. പുതിയ സീസണിന് നവംബര്‍ ഒന്നിന് ദുബൈയിലെ ഓട്ടോഡ്രോം സര്‍ക്യൂട്ടില്‍ തുടക്കമാകും. അടുത്തവര്‍ഷം മാര്‍ച്ചില്‍ ഖത്തറിലെ ലുസൈല്‍ സര്‍ക്യൂട്ടിലെ ഏഴാം റൗണ്ട് മത്സരങ്ങളോടെ സമാപിക്കും. ഇത്തവണ 21 മത്സരങ്ങളുണ്ടായിരിക്കും. കഴിഞ്ഞ സീസണുകളില്‍ 14 മത്സരങ്ങളായിരുന്നു. ഗള്‍ഫ് റാഡിക്കല്‍ കപ്പിന്റെ ആദ്യ സീസണ് 2006 ലാണ് തുടങ്ങിയത്. 2014ലെ അവസാന സീസണും ഖത്തറിലായിരുന്നു നടന്നത്.