
ദോഹ: ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിതരണ ശൃംഖലാ കമ്പനിയായ ജിഡബ്ല്യുസിയെ 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോജിസ്റ്റിക് ദാതാവായി പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മേഖലാ സപ്പോര്‍ട്ടര്‍ കൂടിയാണ് ഈ കമ്പനി. ഫിഫ ലോകകപ്പിനായുള്ള പ്രധാന ലോജിസ്റ്റിക് സൗകര്യങ്ങളുടെ വിതരണക്കാര്‍ ജിഡബ്ല്യുസിയായിരിക്കും. ഫിഫ ലോകകപ്പ് പോലെ വിശാലവും സങ്കീര്‍ണവുമായ ചാമ്പ്യന്‍ഷിപ്പിന് ലോജിസ്റ്റിക്‌സ് നിര്‍ണായകമാണെന്ന് ഫിഫ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സൈമണ്‍ തോമസ് പറഞ്ഞു. ഫിഫ ലോകകപ്പിനുള്ള ലോജിസ്റ്റിക് ആവശ്യകതകള്‍ നിറവേറ്റാന്‍ തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ ജിഡബ്ല്യുസിയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്ന് കമ്പനി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പറഞ്ഞു.ഖത്തറിന്റെ മറ്റൊരു നാഴികക്കല്ല് സാക്ഷാത്കരിക്കുന്നതില്‍ അഭിമാനപൂര്‍വം പങ്ക് വഹിക്കാനാകുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള ലോജിസ്റ്റിക് ഹബ് ഉള്‍പ്പെടെ മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വരുന്ന ലോജിസ്റ്റിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ജിഡബ്ല്യുസിക്ക് ഉണ്ട്
സമര്‍പ്പിതവും നൂതനവുമായ സ്‌പെഷ്യലിസ്റ്റുകളുടെ ടീമിനൊപ്പം അത്യാധുനിക ഐടി സംവിധാനങ്ങളും കമ്പനിയുടെ പിന്‍ബലമാണ്.