in

ആറാം വാര്‍ഷിക നിറവില്‍ വിപൂലീകരണ പദ്ധതികളുമായി ഹമദ് വിമാനത്താവളം

ദോഹ: പ്രവര്‍ത്തനം തുടങ്ങിയതിന്റെ ആറാം വാര്‍ഷികം പിന്നിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം.
മുന്‍നിര വ്യോമയാന ഹബ്ബെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ പിന്നിട്ട വര്‍ഷങ്ങള്‍കൊണ്ട് ഹമദിനായി. വിവിധ തലങ്ങളിലായി മികച്ച വളര്‍ച്ചയും പുരോഗതിയും വികസനവും കൈവരിക്കാന്‍ വിമാനത്താവളത്തിനായി. ലോകത്തെ മികച്ച വിമാനത്താവളങ്ങളില്‍ ഹമദിന് മൂന്നാം സ്ഥാനം നേടാനായതാണ് ഈ കാലയളവിലെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരം. 2020 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സിലാണ് ഹമദിന് അംഗീകാരം. കഴിഞ്ഞ വര്‍ഷത്തെ നാലാം സ്ഥാനത്തില്‍ നിന്നാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നിലേക്കെത്തിയത്. തുടര്‍ച്ചയായ ആറാം വര്‍ഷവും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു. 2014ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ആഗോള റാങ്കിങില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിക്കാന്‍ ഹമദിനായി. ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ 2014ലെ 75-ാം സ്ഥാനത്തുനിന്നാണ് ആദ്യ മൂന്നിലേക്ക് ഹമദ് ഇടംപിടിച്ചത്. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാനായതായാണ് ഏറ്റവും സുപ്രധാന നേട്ടങ്ങളിലൊന്ന്.
ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.
വിമാനത്താവള വികസനപദ്ധതിയുടെ രണ്ടാംഘട്ടം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
എയര്‍പോര്‍ട്ട് നഗരം, പുതിയ കാര്‍ഗോ ടെര്‍മിനല്‍ തുടങ്ങിയവയെല്ലാം ഈ ഘട്ടത്തിലാണ്. കൂടുതല്‍ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ട് ഫാസ്റ്റ്ട്രാക്കിലാണ് വിമാനത്താവളം.
2014 മെയ് 27നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ ഖത്തര്‍ എയര്‍വേയ്‌സായിരുന്നു പ്രഥമ സര്‍വീസ് നടത്തിയത്. ലോകത്തില്‍തന്നെ ഏറ്റവും വേഗതയില്‍ വളര്‍ച്ചകൈവരിക്കുന്ന വ്യോമയാന ഹബ്ബുകളിലൊന്നാണ് ഹമദ്.
വിജയകരമായ വര്‍ഷങ്ങളാണ് പിന്നിട്ടത്. വ്യോമയാന മേഖല വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും യാത്രക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളില്‍ സുരക്ഷിതമായി എത്തിക്കാന്‍ സഹായിക്കുന്നതില്‍ സുപ്രധാന പങ്ക് നിറവേറ്റാന്‍ ഹമദ് വിമാനത്താവളത്തിനായി. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ചതും തടസങ്ങളില്ലാത്തതും സുഗമവുമായ യാത്രാനുഭവമാണ് ഹമദ് പ്രദാനം ചെയ്യുന്നത്. അവിസ്മരണീയവും വിജയകരവുമായ ആറുവര്‍ഷങ്ങളാണ് പിന്നിട്ടത്. നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ക്കൊപ്പം വ്യവസായ നേട്ടങ്ങളും സ്വായത്തമാക്കാനായി.
വ്യോമയാന വ്യവസായ മേഖലയിലെ നേതൃസ്ഥാനത്തേക്കുള്ള വളര്‍ച്ച ഹമദ് തുടരുന്നു. വര്‍ഷാവര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധനവുണ്ടാകുന്നു. സമയനിഷ്ട പാലിക്കുന്ന കാര്യത്തില്‍ ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളം എന്ന അംഗീകാരം ഹമദ് നേടിയിരുന്നു. ഹമദില്‍ നിന്നും പുറപ്പെടുന്ന 85.41ശതമാനം വിമാനങ്ങളും കൃത്യസമയം പാലിക്കുന്നവയാണ്.
സമയനിഷ്ട പാലിക്കുന്നതില്‍ ഒഎജിയുടെ പങ്ച്വാലിറ്റി ലീഗ് റിപ്പോര്‍ട്ടില്‍ പ്രധാന വിമാനത്താവളങ്ങള്‍ക്കൊപ്പം ഇടംനേടാനും മുന്‍നിരയില്‍ സ്ഥാനം പിടിക്കാനും ഹമദിനായി. വിമാനത്താവളത്തിലെ സവിശേഷമായ കലാസൃഷ്ടികള്‍ യാത്രക്കാരുടെ സവിശേഷ ശ്രദ്ധ നേടുന്നു.
ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രവും ഹമദ് വിമാനത്താവളമാണ്, ആറാം വാര്‍ഷികത്തില്‍ ഹമദ് വിമാനത്താവളത്തെ അഭിനന്ദിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു.

വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു
എച്ച്‌ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. പ്ലാന്‍ എ പ്രകാരം പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. തുടര്‍ന്ന് പ്ലാന്‍ ബി പ്രകാരം ശേഷി 60 മില്യണിലധികത്തിലേക്ക് ഉയര്‍ത്തും. കാര്‍ഗോ ശേഷി പ്രതിവര്‍ഷം മൂന്നു മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്തും. 2022 ഫിഫ ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് വിപുലീകരണപദ്ധതി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്നതും വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്. സ്ഥലവും ശേഷിയും മികച്ച രീതിയില്‍ വര്‍ധിക്കും. എയര്‍പോര്‍ട്ട് നഗരത്തിന്റെ നിര്‍മാണത്തിലൂടെ ഭാവി നിക്ഷേപ അവസരങ്ങളും ലഭ്യമാകും. സ്വതന്ത്ര വ്യാപാര മേഖല, ഓഫീസ് ബിസിനസ് കോംപ്ലക്‌സ്, ഹോട്ടലുകള്‍ എന്നിവയെല്ലാം നഗരത്തിന്റെ ഭാഗമാകും. ഹമദില്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരില്‍ നല്ലൊരു ശതമാനം പേരും സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും യാത്രാനടപടികള്‍ വേഗത്തിലാക്കുകയുമെന്ന ലക്ഷ്യത്തോടെ കൂടുതല്‍ അടുത്ത തലമുറ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ കിയോസ്‌ക്കുകളും സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പുകളുമാണ് വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ക്യൂവില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കാതെ സ്വന്തമായി ചെക്ക് ഇന്‍ ചെയത് ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് എടുക്കുന്നതിന് സഹായിക്കുന്നതാണ് കിയോസ്‌കുകള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പള്ളികള്‍ തുറക്കുമെന്ന സോഷ്യല്‍ മീഡിയാ പ്രചാരണം തെറ്റ്; അടച്ചിടല്‍ തുടരും

മുഷൈരിബിലെ മ്യൂസിയങ്ങള്‍ക്ക് യുഎന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടറുടെ പ്രശംസ