
ദോഹ:ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യന്‍ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ ഭാഗത്തുനിന്നും നിയമലംഘനമുണ്ടായതായും കണ്ടെത്തി. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ മാതാവ് മറ്റൊരു ഏഷ്യന്‍ രാജ്യക്കാരനുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഉപേക്ഷിച്ചതെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. മാതാവ് രാജ്യം വിടുന്നതിനിടയില്‍ നവജാത ശിശുവിനെ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ മാലിന്യബോക്സില് പുറന്തള്ളുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറി ലക്ഷ്യസ്ഥാനത്തിലേക്ക് പോയി. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായി പബ്ലിക് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. യുവതിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഏഷ്യന്‍ സ്വദേശിയെയും കണ്ടെത്തി. ശിശുവിന്റെ മാതാവുമായി തനിക്ക് ബന്ധമുണ്ടെന്നും ജനിച്ചയുടനെ നവജാത ശിശുവിന്റെ ഫോട്ടോ അടങ്ങിയ സന്ദേശം യുവതി അയച്ചതായും പിതാവ് സമ്മതിച്ചു. ശിശുവിനെ മാലിന്യ ബോക്സില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. ഇക്കാര്യം ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്നും തെളിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് വിമാനത്താവളത്തിലെ ഗാര്‍ബേജ് ബോക്സില്‍ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച് മാലിന്യങ്ങള്‍ക്കിടയില്‍ മറവുചെയ്ത രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടന്‍തന്നെ വൈദ്യസഹായം നല്‍കുകയും രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലൊന്നിലേക്ക് മാറ്റുകയും ചെയ്തു. നവജാത ശിശുവിനെ ജനിച്ചയുടന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതും കുഞ്ഞിനെ കണ്ടെത്തിയ സാഹചര്യവും മനുഷ്യമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണെന്നും ഖത്തരി പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരമാവധി പതിനഞ്ച് വര്‍ഷം ശിക്ഷക്ക് അര്‍ഹമാണെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. കടന്നുകളഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ജുഡീഷ്യല്‍ സഹകരണത്തിനുള്ളില് ഉചിതമായ നിയമനടപടി സ്വീകരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യത്തിന് ശിക്ഷ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നിങ്ങുന്നതിനായി കുറ്റവാളികളെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.
വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ നിയമലംഘനം നടത്തി
ദോഹ: വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന് നടത്തിയത് സമഗ്രമായ അന്വേഷണം. കുറ്റക്കാരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി വിമാനത്താവള സുരക്ഷാ വിഭാഗം നിയമപരമായ കടമ നിര്‍വഹിച്ചെങ്കിലും ചില ജീവനക്കാര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്നതിനുമുന്പ് വനിതാ യാത്രക്കാരുടെ ബാഹ്യപരിശോധന നടത്താന്‍ വനിതാ മെഡിക്കല്‍ ജീവനക്കാരെ വിളിച്ചുവരുത്തിയിരുന്നു. കുറ്റകൃത്യത്തിന്റൈ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള ജുഡീഷ്യല്‍ പോലീസ് ഓഫീസര്‍മാരായതിനാല്‍ തങ്ങള്‍ ചെയ്തത് നിയമാനുസൃതമാണെന്നാണ് അവര്‍ കരുതിയത്. വിമാനത്താവള സുരക്ഷാവിഭാഗത്തിലെ ചില ജീവനക്കാര്‍ നടത്തിയ നിയമലംഘനങ്ങളില്‍ ഖത്തരി പീനല്‍ കോഡ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ ശിക്ഷ ചുമത്താമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. നിയമംലംഘിച്ച ജുഡീഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.