
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിന് ഉടന്‍തന്നെ ആരോഗ്യസഹായവും പരിചരണവും ലഭ്യമാക്കിയതായി ഹമദ് വിമാനത്താവളം വ്യക്തമാക്കി. കുഞ്ഞിന്റെ മാതാവിന്റെ ആരോഗ്യനിലയെയും ക്ഷേമത്തെയുംകുറിച്ച് ആശങ്ക പ്രകടിപ്പിച്ച മെഡിക്കല്‍ പ്രൊഫഷണലുകള്‍, വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് അവരെ കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് നവജാത ശിശുവിനെ കണ്ടെത്തിയ നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പ്രവേശിച്ച വ്യക്തികളോട് അന്വേഷണത്തോടു സഹായിക്കാനും സഹകരിക്കാനും ആവശ്യപ്പെട്ടതായി വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ബാത്ത്റൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിഡ്നിയിലേക്കുള്ള വിമാനത്തിലെ പതിമൂന്ന് ഓസ്ട്രേലിയന്‍ വനിതകളെ ആംബുലന്‍സില്‍ വൈദ്യപരിശോധന നടത്തിയതായി ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ശൃംഖലയായ സെവന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഹമദ് രാജ്യാന്തര വിമാനത്താവളം ഇക്കാര്യത്തില്‍ പ്രസ്താവന പുറത്തിറക്കിയത്. ഒക്ടോബര്‍ രണ്ടിനാണ് ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നവജാത ശിശു ഇപ്പോഴും തിരിച്ചറിയപ്പെടാതെ തുടരുകയാണ്. അതേസമയം ആരോഗ്യ- സാമൂഹിക പ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ പരിചരണത്തില്‍ കുഞ്ഞ് സുരക്ഷിതമായി തുടരുകയാണ്. മാതാവിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ അറിവോ ഉള്ളവര്‍ hiamedia@hamadairport.com.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഹമദ് വിമാനത്താവളം ആവശ്യപ്പെട്ടിട്ടുണ്ട്.