
ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്(എച്ച്‌ഐഎ) മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ നാലാം സ്ഥാനത്തില്‍ നിന്നാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നിലേക്കെത്തിയത്. 2020 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സിലാണ് ഹമദിന് അംഗീകാരം.
തുടര്‍ച്ചയായ ആറാം വര്‍ഷവും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു. 2014ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ആഗോള റാങ്കിങില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിക്കാന്‍ ഹമദിനായി. ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ 2014ലെ 75-ാം സ്ഥാനത്തുനിന്നാണ് ആദ്യ മൂന്നിലേക്ക് ഹമദ് ഇടംപിടിച്ചത്. 2015ല്‍ 22-ാം സ്ഥാനവും 2016ല്‍ പത്താം സ്ഥാനവുമായിരുന്നു. 2017ല്‍ ആറാംസ്ഥാനത്തായിരുന്നു. 2018ല്‍ അഞ്ചാം സ്ഥാനവും 2019ല്‍ നാലാംസ്ഥാനവും. ഈ വര്‍ഷം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിനാണ് ഒന്നാം സ്ഥാനം. ടോക്കിയോ ഹാനെഡ രണ്ടാംസ്ഥാനവും ദോഹ ഹമദ് വിമാനത്താവളം മൂന്നാംസ്ഥാനവും നേടി. ഓരോ വര്‍ഷവും റാങ്കിങിലെ ഉയര്‍ച്ച അഭിമാനകരമാണെന്നും വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെടുന്ന സര്‍വേയിലൂടെയാണ് പുരസ്‌കാരമെന്നതിനാല്‍ യാത്രക്കാരില്‍ നിന്നും നേരിട്ടുലഭിക്കുന്ന അംഗീകാരമാണിതെന്ന് ഹമദ് വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.
വ്യോമയാന മേഖല വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും യാത്രക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളില്‍ സുരക്ഷിതമായി എത്തിക്കാന്‍ സഹായിക്കുന്നതില്‍ പ്രാഥമിക പങ്ക് നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഹബ് വിമാനത്താവളം എന്ന നിലയില്‍ ഹമദ് മികച്ച സ്ഥാനം കൈവരിക്കുന്നത് സന്തോഷകരമാണെന്നും ആദ്യ മൂന്നില്‍ ഇടംനേടാനായത് മികച്ച നേട്ടമാണെന്നും സ്‌കൈട്രാക്സിന്റെ സിഇഒ എഡ്വേര്‍ഡ് പ്ലാസ്റ്റഡ് പറഞ്ഞു. ആഗോള തലത്തിലെ മൂന്നാം സ്ഥാനത്തിനു പുറമെ വിവിധ ഉത്പന്ന, സേവന വിഭാഗങ്ങളിലും ഹമദ് മികച്ച റാങ്കിങ് നേടി. ട്രാന്‍സിറ്റ് വിമാനത്താവള വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഇമിഗ്രേഷന്‍ പ്രക്രിയ്യയുടെ കാര്യത്തില്‍ പത്താം സ്ഥാനം, ബാഗേജ് വിതരണത്തില്‍ പത്താം സ്ഥാനം, ടെര്‍മിനല്‍ ശുചിത്വത്തില്‍ അഞ്ചാംസ്ഥാനം, വിനോദ ഒഴിവുസമയ സൗകര്യങ്ങളില്‍ ഏഴാം സ്ഥാനം എന്നിവ നേടി. 30 മുതല്‍ 40 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന മികച്ച വിമാനത്താവളം കൂടിയാണ് ഹമദ്. ഇതിനെല്ലാം പുറമെയാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും മിഡില്‍ഈസ്റ്റിലെ മികച്ച വിമാനത്താവളമെന്ന അംഗീകാരവും നേടിയത്. മിഡില്‍ഈസ്റ്റിലെ മികച്ച സ്്റ്റാഫ് സര്‍വീസിനുള്ള(ജീവനക്കാരുടെ സേവനം) പുരസ്‌കാരം തുടര്‍ച്ചയായ അഞ്ചാംതവണയും ഹമദ് സ്വന്തമാക്കി. 2017 മുതല്‍ പഞ്ചനക്ഷത്ര പദവിയും നിലനിര്‍ത്തുന്നു. നൂതനമായ സൗകര്യങ്ങള്‍ക്കും പഞ്ചനക്ഷത്ര ഉപഭോക്തൃ സേവനങ്ങള്‍ക്കും അത്യാധുനികസൗകര്യങ്ങളോടെയുള്ള ടെര്‍മിനലിനും ലഭിച്ച അംഗീകാരമാണിത്. 2019ല്‍ 3,87,86,422 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. ലോകത്തിലെ മുന്‍നിര വ്യോമയാന കേന്ദ്രമായി ഹമദ് മാറുകയാണ്്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഹമദ് രാജ്യാന്തരവിമാനത്താവളം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് ഹമദിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണ്. എച്ച്‌ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. പ്ലാന്‍ എ പ്രകാരം പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം.