
ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്(എച്ച്‌ഐഎ) രണ്ടാം സ്ഥാനം. ട്രാവല്‍ പ്ലസ് ലഷര്‍ ട്രാവല്‍ മാഗസിന്റെ അംഗീകാരമാണ് ഹമദിന് ലഭിച്ചത്. വായനക്കാരുടെ ആഗോള സര്‍വേയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തിനാണ് പട്ടികയില്‍ ഒന്നാംസ്ഥാനം. യാത്രക്കാരുടെ വരവും പോക്കും, ചെക്ക് ഇന്‍ സുരക്ഷ, റസ്‌റ്റോറന്റുകള്‍, ഷോപ്പിങ്, ഡിസൈന്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് സ്ഥാനങ്ങള്‍ നിര്‍ണയിച്ചത്. നേരത്തെ 2020 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ ഹമദ് വിമാനത്താവളത്തിന് മൂന്നാം സ്ഥാനം നേടാനായിരുന്നു. വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെടുന്ന സര്‍വേയിലൂടെയാണ് പുരസ്‌കാരമെന്നതിനാല്‍ യാത്രക്കാരില്‍ നിന്നും നേരിട്ടുലഭിക്കുന്ന അംഗീകാരമാണിതെന്ന് ഹമദ് വിമാനത്താവളം ചൂണ്ടിക്കാട്ടുന്നു.
വ്യോമയാന മേഖല വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും യാത്രക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളില്‍ സുരക്ഷിതമായി എത്തിക്കാന്‍ സഹായിക്കുന്നതില്‍ പ്രാഥമിക പങ്ക് നിറവേറ്റാന്‍ ഹമദ് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണ്. 30 മുതല്‍ 40 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന മികച്ച വിമാനത്താവളം കൂടിയാണ് ഹമദ്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ വിപുലമായ നടപടികളാണ് വിമാനത്താവളത്തില്‍ കൈക്കൊണ്ടിട്ടുള്ളത്.
2019ല്‍ 3,87,86,422 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. ലോകത്തിലെ മുന്‍നിര വ്യോമയാന കേന്ദ്രമായി ഹമദ് മാറുകയാണ്്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഹമദ് രാജ്യാന്തരവിമാനത്താവളം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് ഹമദിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണ്. എച്ച്‌ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. പ്ലാന്‍ എ പ്രകാരം പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. തുടര്‍ന്ന് പ്ലാന്‍ ബി പ്രകാരം ശേഷി 60 മില്യണിലധികത്തിലേക്ക് ഉയര്‍ത്തും. കാര്‍ഗോ ശേഷി പ്രതിവര്‍ഷം മൂന്നു മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്തും. 2022 ഫിഫ ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് വിപുലീകരണപദ്ധതി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്നതും വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്.