ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്(എച്ച്ഐഎ) ഒന്നാം സ്ഥാനം. 2021 സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്സിലാണ് ഹമദിന് അംഗീകാരം.പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളവും ഹമദാണ്. ഖത്തറിനു ഹമദിനും ശ്രദ്ധേയമായ നേട്ടമാണ്. സേവനമികവിനുള്ള പ്രതിബദ്ധതക്ക് യാത്രക്കാരില്‍നിന്നും ലഭിച്ച അംഗീകാരം കൂടിയാണിത്- ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേരിടുന്നതിലും കൈകാര്യം ചെയ്യുന്നതിലും വിമാനത്താവളങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സ്കൈട്രാക്സ് പുരസ്കാര പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങള്‍- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ ഹനേഡ വിമാനത്താവളം, സിംഗപ്പൂര്‍ ചാംഗി വിമാനത്താവളം, ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളം, ടോക്കിയോ നരിറ്റ വിമാനത്താവളം, മ്യൂണിച്ച് വിമാനത്താവളം, സൂറിച്ച് വിമാനത്താവളം, ലണ്ടന്‍ ഹീത്രൂ വിമാനത്താവളം, കന്‍സായ് അന്താരാഷ്ട്ര വിമാനത്താവളം, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം.
2014ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ആഗോള റാങ്കിങില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിക്കാന്‍ ഹമദിനായി. ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ 2014ലെ 75-ാം സ്ഥാനത്തുനിന്നാണ് ഇപ്പോള്‍ ഒന്നാംസ്ഥാനത്തേക്കെത്തിയത്. 2015ല്‍ 22-ാം സ്ഥാനവും 2016ല്‍ പത്താം സ്ഥാനവുമായിരുന്നു. 2017ല്‍ ആറാംസ്ഥാനത്തായിരുന്നു. 2018ല്‍ അഞ്ചാം സ്ഥാനവും 2019ല്‍ നാലാംസ്ഥാനവും കഴിഞ്ഞവര്‍ഷം മൂന്നാമതും. ഓരോ വര്‍ഷവും റാങ്കിങിലെ ഉയര്‍ച്ച അഭിമാനകരമാണെന്നും വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെടുന്ന സര്‍വേയിലൂടെയാണ് പുരസ്കാരമെന്നതിനാല് യാത്രക്കാരില്‍ നിന്നും നേരിട്ടുലഭിക്കുന്ന അംഗീകാരമാണിതെന്നും ഹമദ് വിമാനത്താവളം വ്യക്തമാക്കി.
2017 മുതല്‍ പഞ്ചനക്ഷത്ര പദവിയും നിലനിര്‍ത്തുന്നു. നൂതനമായ സൗകര്യങ്ങള്‍ക്കും പഞ്ചനക്ഷത്ര ഉപഭോക്തൃ സേവനങ്ങള്‍ക്കും അത്യാധുനികസൗകര്യങ്ങളോടെയുള്ള ടെര്‍മിനലിനും ലഭിച്ച അംഗീകാരമാണിത്. നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ ഹമദ് രാജ്യാന്തരവിമാനത്താവളം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി.
പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് ഹമദിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണ്. എച്ച്ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. 2022 ഫിഫ ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് വിപുലീകരണപദ്ധതി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്നതും വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്.