അശ്‌റഫ് തൂണേരി/ദോഹ:
സ്തനാര്‍ബുദ വളര്‍ച്ച കുറക്കാനും പടരാതിരിക്കാനും ചികിത്സാ രംഗത്ത് ചെയ്യാവുന്ന നൂതന രീതികള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി ഇന്ത്യക്കാരി. സിദ്‌റ മെഡിസിന്‍ ജീവനക്കാരിയും മംഗലാപുരം സ്വദേശിനിയുമായ ഹര്‍ഷിത ശൈലേഷ്‌കുമാറാണ് ഖത്തറിലാദ്യമായി അര്‍ബുദ ചികിത്സാ രംഗത്ത് പുതിയ രീതികള്‍ കണ്ടെത്തിയ ഗവേഷണം പൂര്‍ത്തിയാക്കിയത്. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനത്തിലും വളര്‍ച്ചയിലും പി.ആര്‍.എം.ടി 5 (പ്രോട്ടീന്‍ ആര്‍ജിനൈന്‍ മെത്തില്‍ട്രാന്‍സ്ഫറൈസ്-5)എന്ന എപിജനിറ്റിക് എന്‍സൈമിന്റെ പങ്ക് മനസ്സിലാക്കിയ പഠനമായിരുന്നു ഹര്‍ഷിതയുടേത്. സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ അവയുടെ വ്യാപനം ചികിത്സയിലൂടെ തടയാന്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവുന്നതിലൂടെ സാധ്യമാവുമെന്നും ഹര്‍ഷിത കണ്ടെത്തി.
ഖത്തര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അക്കാദമിക മികവിനുള്ള സ്വര്‍ണ്ണമെഡലോടെയാണ് ഇവര്‍ പി.എച്ഛ്.ഡി നേടിയത്. പ്രഫ.സൈദ് സൈഫിന് കീഴിലായിരുന്നു ഗവേഷണം. ഖത്തര്‍ സര്‍വ്വകലാശാലയില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ബിരുദദാന ചടങ്ങില്‍ ഖത്തര്‍ അമീറിന്റെ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയില്‍ നിന്ന് ഹര്‍ഷിത സ്വര്‍ണ്ണമെഡല്‍ സ്വീകരിച്ചു.

മംഗലാപുരത്തിനടുത്ത കര്‍ക്കല സ്വദേശിനിയായ ഹര്‍ഷിത മംഗലാപുരം സര്‍വ്വകലാശാലയില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെയാണ് ബയോടെക്‌നോളജിയിലല്‍ ബിരുദം പൂര്‍ത്തിയാക്കിയത്. മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീട് ഖത്തര്‍ സര്‍വ്വകലാശാലയില്‍ പി.എച്ഛ്.ഡിക്ക് ചേരുകയായിരുന്നു. ”സ്തനാര്‍ബുദ രംഗത്തെ ചികിത്സക്ക് മുതല്‍ക്കുട്ടാവുന്നതാണ് പഠനം.

അര്‍ബുദം പടരാതിരിക്കാനും അതിന്റെ വളര്‍ച്ച തടയാനും ഈ കണ്ടെത്തലിലൂടെ സാധിക്കും. ഇത്തരമൊരു പഠനം ഖത്തറില്‍ ഇതേവരെ ആരും നടത്തിയിട്ടില്ല.” ഹര്‍ഷിത ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യുമായി സംസാരിക്കവെ വിശദീകരിച്ചു. സാമൂഹിക രംഗത്തും സജീവമായ ഹര്‍ഷിത കായിക രംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. ഖത്തറിലെ കര്‍ണ്ണാടക സംസ്ഥാനക്കാരുടെ വിവിധ സംഘടനകള്‍ തമ്മിലല്‍ നടത്തിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ സിംഗിള്‍സ് റണ്ണര്‍അപ്, ഡബിള്‍സിലും മിക്‌സഡിലും വിജയിയായും തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി. ടി.കെ രഘുവീറിന്റേയും പ്രമീളയുടേയും മകളായ ഹര്‍ഷിതയുടെ ഭര്‍ത്താവ് ശൈലേഷ്‌കുമാര്‍ അബ്ദുല്ലാ അബ്ദുല്‍ഗനി ആന്റ് ബ്രദേഴ്‌സ് ടൊയോട്ട ഗ്രൂപ്പില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. ബിര്‍ള പബ്ലിക് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ ശൈലേഷ് മകളാണ്. ഏക സഹോദരന്‍ ഹര്‍ഷരാജ് ബംഗ്ലുരുവില്‍ ബിസിനസ് ചെയ്യുന്നു.
Here you go…..(Harshitha’s phd. graduation ceremony)