in

കോവിഡ് പരിശോധനാ കേന്ദ്രമായി ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി

ദോഹ: രാജ്യത്തെ കൊറോണ വൈറസ് (കോവിഡ്-19) രോഗികളെ പരിശോധിക്കുന്നതിനായി ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി പൂര്‍ണ സജ്ജമാക്കി. പ്രതികൂലമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കു മാത്രമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച് എം സി) ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥാപിച്ചതാണ് ഹസം മുബൈരീഖ് ആസ്പത്രി. നിലവിലെ സാഹചര്യത്തില്‍ കോവിഡ് രോഗികളായ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള പുരുഷന്‍മാരും വനിതകളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഹസം മുബൈരീഖില്‍ ഉന്നതതല ചികിത്സ ലഭ്യമാക്കും. കോവിഡ് രോഗികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിചരണവും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എച്ച്എംസിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സമഗ്രവും സംയോജിതവുമായ സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമാണ് ആസ്പത്രിയിലുള്ളത്. ഈ പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ആരോഗ്യപരിപാലനമേഖലയുടെ സജീവമായ സമീപനത്തിന്റെ ഉദാഹരണമാണ് കോവിഡ് പരിശോധനാ- ചികിത്സാ സൗകര്യമായി ആസ്പത്രിയെ ദ്രുതഗതിയില്‍ മാറ്റിയതിലൂടെ വ്യക്തമാകുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. മിതമായതോ കഠിനമായതോ ആയ രോഗലക്ഷണങ്ങളുള്ള കൊറോണ വൈറസ് രോഗികളെ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. നിരന്തര നിരീക്ഷണവും മികച്ച ചികിത്സയും രോഗികള്‍ക്ക് ഉറപ്പാക്കും. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ പരിപാലന മേഖല നടത്തുന്ന മുന്‍കൂര്‍ പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്ന് കോവിഡിനെ നേരിടാനുള്ള അപകട നിയന്ത്രണ- ആരോഗ്യ സംവിധാന കമ്മിറ്റി മേധാവി ഡോ. സാദ് അല്‍കാബി പറഞ്ഞു. 42 തീവ്രപരിചരണ കിടക്കകളും 105 ഇന്‍പേഷ്യന്റ് കിടക്കകളുമടക്കം 147 കിടക്കകളാണ് ആസ്പത്രിയിലുള്ളത്. കിടക്കകളുടെ എണ്ണം 471 ആയി ഉയര്‍ത്താനുമാകും. തീവ്രപരിചരണ വിഭാഗത്തില്‍ 221ഉം ഇന്‍പേഷ്യന്‍ വിഭാഗത്തില്‍ 250 കിടക്കകളും എന്ന നിലയില്‍ ശേഷി ഉയര്‍ത്താനാകും. ഭാവിയില്‍ ആവശ്യമായിവന്നാല്‍ 150 കിടക്കകളോടെ കോവിഡ്-19 അത്യാഹിത വിഭാഗവും സജ്ജമാക്കാനാകും. കോവിഡ് ചികിത്സാ കേന്ദ്രമായി ഉയര്‍ത്തിയതോടെ ഹസം മുബൈരീഖിലെ എല്ലാ ദൈനംദിന സേവനങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം അടിയന്തര മെഡിക്കല്‍ കേസുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് അത്യാഹിത വിഭാഗം പതിവുപോലെ പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അബ്ദുല്ലത്തീഫ് പുല്ലൂക്കരയുടെ മാതാവ് നാട്ടില്‍ നിര്യാതയായി

പെട്രോളിന് 35 ദിര്‍ഹമും ഡീസലിന് 40 ദിര്‍ഹമും കുറഞ്ഞു