
ദോഹ: ഭക്ഷ്യ കാര്‍ഷിക മേഖലയിലെ ഖത്തറിന്റെ പ്രീമിയര്‍ നിക്ഷേപകരായ ഹസാദ് ഫുഡ്‌സ് ലോകത്തിലെ ഏറ്റവും വലിയ ജൈവ ധാന്യ, എണ്ണക്കുരു കമ്പനിയായ സണ്‍റൈസ് ഫുഡ്‌സ് ഇന്റര്‍നാഷണലില്‍ 25 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തം വിജയകരമായി പൂര്‍ത്തിയാക്കി. ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരം എല്ലാ കക്ഷികളുടെയും എല്ലാ ആവശ്യകതകളും നിറവേറ്റിയശേഷമാണ് ഇടപാട് പൂര്‍ത്തീകരിച്ചത്.
തുര്‍ക്കിയുടെ തിര്‍യാകി അഗ്രോയുടെ ഉടമസ്ഥതയിലുള്ളതാണ് സണ്‍റൈസ് ഫുഡ്‌സ്. ആവശ്യകതയ്ക്കനുസരിച്ച് പ്രാദേശിക വിപണിയില്‍ വിവിധ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് തിര്‍യാകി അഗ്രോയുമായി തന്ത്രപ്രധാനകരാര്‍ ഒപ്പുവയ്ക്കുന്നതായും ഹസാദ് പ്രഖ്യാപിച്ചിരുന്നു. ഈ കരാര്‍ ഖത്തറില്‍ ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തും.
സണ്‍റൈസ് ഫുഡ്‌സ് ഇന്റര്‍നാഷണലില്‍ ഓഹരി സ്വന്തമാക്കി ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാകുന്നതിലും ഓഹരി പങ്കാളിത്തം വിജയകരമായി പൂര്‍ത്തിയാക്കാനായതിലും കമ്പനിക്ക് അതിയായ സന്തോഷമുണ്ടെന്ന്് ഹസാദ് ഫുഡ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ജിനിയര്‍ മുഹമ്മദ് അല്‍സദ പറഞ്ഞു. ഈ ഇടപാട് കമ്പനിയുടെ നിക്ഷേപതന്ത്രത്തിന് അനുസൃതമാണ്. ഖത്തറില്‍ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുന്നു. ആഗോള വിപണിയില്‍ ജൈവ ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കാരണം വരും വര്‍ഷങ്ങളില്‍ ഈ കരാറിന്റെ വാണിജ്യപരമായ വശത്തുനിന്ന് കമ്പനിക്ക് നേട്ടമുണ്ടാകും. സണ്‍റൈസ് ഫുഡ്‌സ് ഇന്റര്‍നാഷണലിന്റെ ആസ്ഥാനം കാനഡയിലാണ്. തങ്ങളുടെ വിവിധ ഉത്പന്നങ്ങള്‍ കമ്പനി യുഎസിലും യൂറോപ്യന്‍ വിപണികളിലും വിപണനം ചെയ്യുന്നു, കൂടാതെ യുഎസ്, കാനഡ, തുര്‍ക്കി എന്നിവിടങ്ങളില്‍ സൗകര്യങ്ങളുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കരിങ്കടല്‍ പ്രദേശം മുതല്‍ യൂറോപ്പ് വഴി വടക്കേ അമേരിക്ക വരെ നീളുന്നു.